ദശമി എന്ന പൂവിതള്‍

Glint Guru
Sat, 12-10-2013 04:30:00 PM ;

durga pujaനവരാത്രി മഹോത്സവവും വിജയദശമിയും. രാജ്യത്തുടനീളം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഐതിഹ്യത്തിന്റെ ചുവടുപിടിച്ചാണ് ഈ ആചാരവും ആഘോഷവും. തെക്കേ ഇന്ത്യയില്‍ ഈ വേള സരസ്വതീപൂജയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ദുര്‍ഗ്ഗാപൂജയ്ക്കാണ് പ്രാമുഖ്യം. അതേ സമയം ഐതിഹ്യത്തിന്റെ മുഴുവന്‍  പൊരുളും  എല്ലായിടത്തേയും ആചാര-ആഘോഷങ്ങളിലുണ്ട്. വ്യക്തിയുടെ മനസ്സിനെ നവീകരിച്ച് സമൂഹത്തിന്റെ ഗതിയെ ഐശ്വര്യത്തിന്റെ പാതയിലൂടെ നയിക്കുക എന്നുള്ളത് തന്നെയാണ് ഈ ദേശീയ ആഘോഷത്തിലെ താല്‍പ്പര്യം. എല്ലാവിധ  പ്രവൃത്തികളില്‍ നിന്നും പിന്‍വാങ്ങി അടച്ചുപൂജ. ഇത് ഒരു രാജ്യത്തെ  ബഹുഭൂരിപക്ഷം ജനങ്ങളേയും ഒരുമിച്ച് ധ്യാനാവസ്ഥയിലേക്ക് പ്രവേശിപ്പിക്കുന്ന പ്രക്രിയയാണ്. എല്ലാ മനുഷ്യരിലും സുരാസുര ഗുണങ്ങളുണ്ട്. അതില്‍ ഏതിന്റെ ആധിപത്യമാണോ ഓരോ വ്യക്തിയിലും കൈവന്നിട്ടുള്ളത് അതനുസരിച്ചായിരിക്കും ആ വ്യക്തിയുടെ വ്യക്തിത്വം നിലകൊള്ളുക. എത്ര തന്നെ സ്വാതികനായ വ്യക്തിയാണെങ്കില്‍പോലും തന്റെ ജീവിതയാത്രയില്‍ ഈ സുരാസുര പ്രവൃത്തികള്‍ പലപ്പോഴും കുഴഞ്ഞുമറിയുന്നു.

 

അജ്ഞതയിലാണ് തീരുമാനമെടുക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആസുരശക്തികള്‍ മനുഷ്യനെ പ്രേരിപ്പിക്കുകയുള്ളു. അജ്ഞതയില്‍ ഒന്ന്‍ ശരിയാണെന്ന് ആര്‍ക്കാണോ തോന്നുന്നത് അവര്‍ക്ക് അതനുഭവപ്പെടും. അതു ശക്തമായി അനുഭവപ്പെടുകയും അതില്‍ നിന്നു ലഭ്യമാകുന്ന ഊര്‍ജത്തില്‍  ശരിയെന്നു തോന്നുന്നതിനുവേണ്ടി പോരാടുകയും ചെയ്യുന്നു. വീട്ടിനകത്തും പുറത്തും  തൊഴില്‍ സ്ഥലത്തുമെല്ലാം മനുഷ്യന്‍ കലഹിക്കുകയും തല്ലുകയും കൊല്ലുകയുമൊക്കെ ചെയ്യുന്നത് ഇതിന്റെ ഫലമായാണ്. അപ്പോള്‍ മനുഷ്യന്‍ മഹിഷാസുരനാകുന്നു. എല്ലാ മനുഷ്യരിലും ഈ അസുരനുണ്ട്.

 

എല്ലാ പ്രവൃത്തികളില്‍ നിന്നും ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് വ്യക്തി ഉള്ളിലേക്ക് നോക്കുന്ന പ്രക്രിയയാണ് ധ്യാനം. ധ്യാനം ഒരു വ്യക്തിയെ  തന്റെ ഇന്ദ്രിയങ്ങളുടെ മേല്‍ നിയന്ത്രണത്തിന് പര്യാപ്തമാകുന്നു. അവിടെ ഇന്ദ്രിയങ്ങള്‍ ആ വ്യക്തിയുടെ ആജ്ഞ അനുവര്‍ത്തിക്കുന്ന കുതിരകളാകുന്നു. മറിച്ചാണെങ്കില്‍ ഇന്ദ്രിയങ്ങള്‍ വ്യക്തിയെ നയിക്കുന്ന അവസ്ഥ. കുതിരയ്ക്ക് ഇഷ്ടമുള്ളിടത്തേക്ക് വ്യക്തിയെ വലിച്ചുകൊണ്ടുപോകുന്നു. പൈങ്കിളി സാഹിത്യവും പൈങ്കിളി മാധ്യമപ്രവര്‍ത്തനവും  ഈ രണ്ടാമതുപറഞ്ഞ പ്രക്രിയയെയാണ് പരിപോഷിപ്പിക്കുന്നത്. സാധാരണ മനുഷ്യരെ വളരെ ഫലവത്തായി വര്‍ഷത്തില്‍ ഒരുദിവസമെങ്കിലും ഉള്ളിലേക്കു നോക്കിക്കുവാനും തന്നെക്കുറിച്ച് ബോധ്യം വരുത്തുവാനുള്ള അവസരമാണ് ഈ പൂജാവസരം. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഒരേ അവസരത്തില്‍ ആ അവസ്ഥയിലേക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കുന്നു എന്നുള്ളത് ഈ ആചാരത്തിന്റെ സാമൂഹിക പ്രയോഗത്തേയും പ്രകടമാക്കുന്നു. ഒരേ കാരണത്തില്‍ ഒരു ജനത ശാന്തതയിലേക്കും ആഘോഷത്തിലേക്കും നീങ്ങുന്നതാണ് സാമൂഹിക ആചാരങ്ങളുടെ ബലം. ഉള്ളിലേക്ക് നോക്കി തന്റെ ഉള്ളിലെ ആസുരശക്തികളെ  അറിയുക. ആ അറിവുതന്നെ ധാരാളം, മഹിഷാസുരന്‍ വധിക്കപ്പെടാന്‍. മഹിഷാസുരന്‍ ഇരുട്ടിന്റെ സന്തതിയാണ്. ഇരുട്ടിന് വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ നിലനില്‍പ്പില്ല. അതിനാല്‍  സ്വയം അതറിയുകതന്നെയാണ് മഹിഷാസുരവധം. അതാണ് ഐതിഹ്യത്തിന്റെ താല്‍പ്പര്യവും. ഇത് അറിവാണ്. അറിവില്‍ വേണം പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍. അടുത്ത ഒരു വര്‍ഷത്തേക്ക് വ്യക്തി ജീവിതത്തില്‍ മുന്നേറുന്നത്  അറിവിന്റെ വെളിച്ചത്തിലാവണം. നവരാത്രിയും കഴിഞ്ഞ് വിജയദശമി ദിവസം പൂജയെടുക്കുമ്പോള്‍ ആ ദിവസം അറിവിന്റെ ആദ്യാക്ഷരം കുരുന്നുകളുടെ നാവില്‍ കുറിക്കാന്‍ ഇടയാകുന്നതും അതുകൊണ്ടാണ്.

 

vidyarambham

 

ഈ ആചാര ആഘോഷത്തില്‍ മനശ്ശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അതിസൂക്ഷ്മധാതുക്കളാണ് അടങ്ങിയിട്ടുള്ളത്. ആ ആചാരവും ആഘോഷവുമായ മഹാവൃക്ഷത്തിലെ  ഏറ്റവും വിടര്‍ന്ന പൂവാണ് വിജയദശമി. ആ പൂവിലെ ഒരിതളാണ് എഴുത്തിനിരുത്തും. ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ മടികാണിക്കുന്നവരും എതിര്‍ക്കുന്നവരും ഇപ്പോള്‍ ഈ എഴുത്തിനിരുത്തില്‍ പങ്കെടുക്കാറും കുരുന്നുകളുടെ നാവില്‍ എഴുതാറുമുണ്ട്. അവര്‍ സ്വയം ആന്തരികസംഘട്ടനത്തിലേര്‍പ്പെടുന്നു. കാരണം മരത്തെ തള്ളിപ്പറഞ്ഞ് പൂവിതളിനെ സ്വീകരിക്കുന്നതു കാരണം. ഈ ആചാരങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവരും എതിര്‍ക്കുന്നവരും ഇവിടെ ഒരേ അവസ്ഥയിലെത്തുന്നു. എന്നിരുന്നാലും ഒരു രാജ്യം ഇപ്പോഴും ഈ ആചാരത്തിലൂടെ കടന്നുപോകുന്നു. അതാണ് ആചാരങ്ങളുടെ പ്രസക്തി. സംസ്‌കാരത്തെ ഭാരതം ആര്‍ക്കൈവ് ചെയ്തിരിക്കുന്നത് ഇങ്ങനെ ആചാരങ്ങളിലൂടെയാണ്. പാശ്ചാത്യമായ പുരാവസ്തു സംരക്ഷണമാണ് പുരാവസ്തു സംരക്ഷണമെന്ന് മനസിലാക്കുന്ന മനസ്സിനും ബുദ്ധിക്കും ഒരുകാലത്തും കാറ്റും വെളിച്ചവും പൂപ്പും കടക്കാത്തവിധം  ആചാരങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ജ്ഞാനത്തെ കാണുക പ്രയാസം. താല്‍പ്പര്യമുള്ളവര്‍ക്ക് ആ ആര്‍ക്കൈവ്സില്‍ അത് എപ്പോഴും ലഭ്യവും.

Tags: