കാരടയാന്‍ നോമ്പ്

ഉമാമഹേശ്വരന്‍
Fri, 29-03-2013 04:45:00 PM ;

തമിഴ്   ബ്രാഹ്മണ   സംസ്കാരത്തിലെ   ഒരു   ശ്രേഷ്ഠമായ അനുഷ്ഠാനമാണ്   കുംഭമാസം ( മാശി)   അവസാനദിവസം  ആചരിക്കപ്പെടുന്ന  “  കാരടയാന്‍ നോമ്പ്”.  ഭാര്യാഭര്‍തൃ  ബന്ധത്തിന്‍റെ  പവിത്രതയേയും   പ്രസക്തിയെയും  ഉറക്കേ    വെളിവാക്കുന്ന  ഈ   അനുഷ്ഠാനം   സാവിത്രി   നോമ്പ്   എന്നും   അറിയപ്പെടുന്നു. ഇതു   സൂര്യന്‍റെ   കുംഭരാശിയില്‍  നിന്നും   മീനരാശിയിലെക്കുള്ള   സംക്രമണത്തേയും    സൂചിപ്പിക്കുന്നു.

 

ഇതു   ഭാരതത്തിന്‍റെ   പല   ഭാഗങ്ങളിലും   പല   പേരുകളിലും   അറിയപ്പെടുന്നു.ആചരിക്കപ്പെടുന്നു. ഉദാഹരണത്തിന്   സൌഭാഗ്യ  ഗൌരി   വ്രതം   എന്ന്   ആന്ധ്രയിലും   കര്‍ണാടകയിലും   ഗംഗൂര്‍  വ്രത്  എന്ന്   രാജസ്ഥാനിലും   അറിയപ്പെടുന്നത്   ഇതു   തന്നെയാണ്.

 

ഐതിഹ്യകഥ :  അശ്വപതിരാജാവിന്റെയും   രാജ്ഞി   മാലതിയുടെയും   മകളായ  സാവിത്രി  ആരെ   വിവാഹം   കഴിക്കണമെന്ന   അച്ഛന്റെ  ചോദ്യത്തിന്   കാനനവാസിയായ   സത്യവാന്റെ   പേരാണ്   പറഞ്ഞത്. ഈ   സമയത്താണ്   ദേവര്‍ഷി    നാരദന്‍    രാജാവിനോട്   ഒരു യാഥാര്‍ത്ഥ്യം   വെളിപ്പെടുത്തിയത്. സത്യവാന്‍   സ്ഥാനഭ്രഷ്ടനാക്കപ്പെട്ട   രാജാവിന്റെ   മകനാണെന്നും അല്പായുസ്സായതുകൊണ്ട്‌   ഒരു   വര്‍ഷത്തിനകം   മരിക്കുമെന്നുമായിരുന്നു   ആ   സത്യം.  ഇതറിഞ്ഞ   രാജാവ്‌   സാവിത്രിയെ   ഈ   വിവാഹത്തില്‍നിന്നും   പിന്തിരിപ്പിക്കാന്‍  ആവതും   ശ്രമിച്ചുനോക്കിയെങ്കിലും   സാവിത്രി   വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ   രാജാവ്‌   സാവിത്രിയുടെ   ദൃഡനിശ്ചയത്തിനു   വഴങ്ങി  ഈ   വിവാഹം  നടത്തിക്കൊടുത്തു. വിവാഹശേഷം   ദമ്പതിമാര്‍   കാനനത്തിലേക്കു   തിരിച്ചു.

 

വിവാഹാനന്തരം   ഒരു   വര്‍ഷം   സാവിത്രിയും   സത്യവാനും   സുഖമായി  ജീവിച്ചു. ഒരു  വര്‍ഷം   വേഗം   കടന്നുപോയി. സാവിത്രിക്കു   ഭര്‍ത്താവിന്റെ   മരണസമയം   അടുത്തിരിക്കുന്നുവെന്നു    മനസ്സിലായി. സാവിത്രി   ഉപവാസം അനുഷ്ഠിച്ചു  എവിടെയും   സത്യവാനെ   അനുഗമിക്കുവാന്‍   തുടങ്ങി. ഭര്‍ത്താവിന്‍റെ   സംരക്ഷക്കായി   അദ്ദേഹത്തെ   നിഴല്‍   പോലെ   പിന്തുടരുവാന്‍   തുടങ്ങി. അങ്ങനെയിരിക്കെ   ഒരു  ദിവസം    കാട്ടില്‍   വിറകു   ശേഖരിച്ചുകൊണ്ടിരുന്ന   സത്യവാന്‍   ബോധരഹിതനായി   വീഴുന്നു. ഇതു   കണ്ട   സാവിത്രിക്കു   മനസ്സിലായി   ഇതാണ്   ഭര്‍ത്താവിന്‍റെ   മരണസമയം  എന്ന്.  മാത്രമല്ല    സത്യവാന്റെ   ആത്മാവുമായി   മരണദേവനായ   യമധര്‍മരാജന്‍   യാത്രയാവുന്നതും   സാവിത്രി   കാണുന്നു. സാവിത്രി    തന്‍റെ   ഭര്‍ത്താവിനെ   കൊണ്ടുപോകുന്ന   യമന്റെ   പിന്നാലെ    പോകുന്നു. യമന്‍    പല   പ്രകാരത്തിലും   സാവിത്രിയേ   പിന്തിരിപ്പിക്കാന്‍   നോക്കിയെങ്കിലും   സാവിത്രി   വഴങ്ങിയില്ല. മരണമെന്നത്‌   പ്രകൃതി  നിയമമാണെന്നും    അതിനെ   അതിജീവിക്കാന്‍    ആര്‍ക്കും   കഴിയില്ലെന്നുമുള്ള   യമന്‍റെ   വാദഗതികളൊന്നും  സാവിത്രിയെ   പിന്തിരിപ്പിക്കുവാന്‍   പോന്നതായിരുന്നില്ല. ഗത്യന്തരമില്ലാതെ ധര്‍മരാജാവായ    യമന്‍   സാവിത്രിയോടു    മൂന്നു   വരം  ചോദിക്കാന്‍   ആവശ്യപ്പെടുന്നു.  സാവിത്രി   ഒന്നാമത്തെ   വരമായി   തന്‍റെ   പിതാവിന്   മകനുണ്ടാകണം   എന്നും   രണ്ടാമത്തെ   വരമായി   തന്‍റെ   ഭര്‍ത്തൃകുടുംബത്തിനു   നഷ്ടപ്പെട്ട   രാജ്യം   തിരിച്ചു   കിട്ടണമെന്നും   ആവശ്യപ്പെടുന്നു. യമന്‍   ഇവയൊക്കെ   സമ്മതിക്കുന്നു.

 

പെട്ടെന്ന്    മൂന്നാമതായി   സാവിത്രി  “  എനിക്ക്   സന്താനങ്ങള്‍   ഉണ്ടാവണം “  എന്ന്   ആവശ്യപ്പെട്ടു. ഉടനെ   അധികം   ആലോചിക്കാതെ   യമന്‍   അങ്ങനെ  തന്നെയാവട്ടെ    എന്ന്   അരുളിച്ചെയ്തു.  പിന്നെയാണ്   യമന്   തനിക്കു   പറ്റിയ   അമളി   മനസ്സിലായത്. എന്തിരുന്നാലും   കൊടുത്ത   വരത്തില്‍   നിന്നും   പിന്തിരിയാന്‍    ധര്‍മരാജാവായ    യമന്‍   തയ്യാറായില്ല.  സാവിത്രിയുടെ   ഭര്‍തൃഭക്തിയിലും    പ്രതിബദ്ധതയിലും   സംപ്രീതനായ   യമന്‍    സത്യവാനെ   സാവിത്രിക്കു   തിരിച്ചു   നല്‍കുന്നു. ഒരു   വര്‍ഷകാലം  മാത്രമാണ്   ആയുസ്സെന്നറിഞ്ഞിട്ടും   സത്യവാനെത്തന്നെ   വിവാഹം   ചെയ്ത, ഭര്‍ത്താവിന്‍റെ   മരണത്തെപ്പോലും   തന്‍റെ   ദൃഡനിശ്ചയം   കൊണ്ട്   അതിജീവിച്ച   ഭര്‍തൃഭക്തിയുടെ  ആള്‍രൂപമായ   സാവിത്രിയെ  യമന്‍ അഭിനന്ദിക്കുന്നു;  ആശീര്‍വദിക്കുന്നു.

 

സാവിത്രി   ഉപവാസത്തിന്നുപയോഗിച്ച     ദ്രവ്യങ്ങള്‍   കൊണ്ടുതന്നെയാണ്   ഇന്നും   ഈ   ദിനത്തില്‍   സുമംഗലികള്‍    ഈ   നോമ്പ്   നോല്‍ക്കുന്നത്. വിവാഹിതരല്ലാത്ത (  കന്യക ) വര്‍   ഈ   ദിവസം   ഉത്തമപുരുഷനെ   ഭര്‍ത്താവായി  കിട്ടാനായി   ഈ   നോമ്പ്   നോല്‍ക്കുന്നു.

 

ഈ  ദിവസം   സുമംഗലികളും  കന്യകമാരും   ഗൌരിദേവിയെ   പ്രാര്‍ത്ഥിച്ചു   സാവിത്രിയെ   മനസ്സില്‍   ധ്യാനിച്ച്   മഞ്ഞ   നിറത്തിലുള്ള   ചരട്   കഴുത്തിലണിയുന്നു. കാര   അരിശി   എന്നു   തമിഴില്‍   പറയുന്ന   വറുത്ത   അരിയും   വെള്ളപ്പയറും  (  ഇതിനു   തമിഴില്‍   കാരാമണി  പയറ്  എന്നു  പറയുന്നു) കൊണ്ടുള്ള   അടയാണ്   അന്ന്   നേദിക്കുന്നത്. അതിനാല്‍   അതു   കാരട എന്നും  ഇതു   നേദിച്ചുകൊണ്ടുള്ള   നോമ്പ്    കാരടയാന്‍  നോമ്പ്  എന്നും   അറിയപ്പെടുന്നു. പിന്നെ   തമിഴില്‍   ഈ   പ്രാര്‍ത്ഥന   ചൊല്ലുന്നു.

 

“  ഉരുകാത    വെണ്ണയും   ഒരടയും   നാന്‍   നൂട്രേന്‍

ഒരുക്കാലും   എന്‍   കണവര്‍   എന്നയി   പിരിയാതിരുക്ക   വേണ്ടും “

( ഉരുകാത്ത    വെണ്ണയും   ഒരു   അടയും   കൊണ്ട്   ഞാന്‍   ഈ   നോമ്പ്   നോറ്റിരിക്കുന്നു. എന്‍റെ  ഭര്‍ത്താവു   ഒരു   കാലത്തും   എന്നെ   വിട്ടു   പിരിയരുത്)

സ്ത്രീ   അബല   ആണെന്ന    വാദം   പൊളിച്ചെഴുതുന്നു   ഈ   പുരാണകഥ. നൈസര്‍ഗികമായി    ഇച്ഛാശക്തിയും   ജ്ഞാനശക്തിയും    ക്രിയാശക്തിയും   നാമെല്ലാവരിലും    അന്തര്‍ലീനമാണ്. അതു   തിരിച്ചറിഞ്ഞു   പ്രവര്‍ത്തിക്കുന്നവര്‍   വിജയം    വരിക്കുന്നു. സ്ത്രീക്ക്   ആത്മവിശ്വാസവും   പ്രതിബദ്ധതയും   ഉണ്ടെങ്കില്‍  അസാദ്ധ്യമായി   ഒന്നുമില്ല   എന്ന്  ഈ   പുരാണകഥ   സമര്‍ഥിക്കുന്നു. ഇതിനു   കാലിക   പ്രസക്തിയുണ്ട്. ഏതു   കാലത്തും   സ്ത്രീ   അബലയല്ലെന്നും    മനസ്സുണര്‍ത്തിയാല്‍   ഏതു   ലക്ഷ്യവും   നേടാമെന്നും    സത്യവാന്‍   സാവിത്രി   കഥ   നമ്മെ   ഓര്‍മിപ്പിക്കുന്നു.

 

ഏതു   ആചാരത്തിലും   അനുഷ്ഠാനത്തിലും   അന്തര്‍ലീനമായ    മാനുഷികതയെയും   മനുഷ്യന്‍റെ    ശ്രേഷ്ഠതയെയും   മനസ്സിലാക്കാന്‍   നമുക്കു   കഴിയട്ടെ.

 

ലോകാ:   സമസ്താ ;   സുഖിനോ   ഭവന്തു.

 

സെനോണ്‍ ഹെല്‍ത്ത്‌കെയറില്‍ മാനേജരാണ് ഉമാമഹേശ്വരന്‍.

Tags: