നിര്‍ദ്ദേശക തത്വങ്ങള്‍ എവിടെ?

പി. രാജന്‍
Monday, May 9, 2016 - 4:28pm

ത്രിമാനം

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

 


ആധുനിക കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണം പോലും വ്യാപാര പരസ്യത്തിന്റെ രീതിയിലാണ് നടത്താറുള്ളത്. സിനിമാ താരങ്ങളുടെ സൗന്ദര്യ സോപ്പ് എന്നൊക്കെ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ തങ്ങളുടെ വ്യക്തിത്വം കാണിക്കുന്നതിന് വേണ്ടി ഏതാനും വാക്കുകളില്‍ ഒതുങ്ങുന്ന ചില മുദ്രാവാക്യങ്ങള്‍ പ്രചാരണത്തിന് രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്ന പ്രചാരണവാക്യമാണ് പ്രയോഗിക്കുന്നത്. യു.ഡി.എഫ് ആകട്ടെ, ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന്‍ കാണിക്കുന്ന രീതിയില്‍ വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യമാണ് അംഗീകരിച്ചിട്ടുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരുപരിധിവരെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്ന് കരുതേണ്ടുന്ന എന്‍.ഡി.എ, വഴി മുട്ടിയ കേരളത്തിന്‌ വഴികാട്ടിയായി സ്വയം അവതരിപ്പിക്കുന്നു. ഇതില്‍ രസകരമായ കാര്യം ഒന്നും വ്യക്തമോ കൃത്യമോ ആയി പറയുന്നില്ല എന്നതാണ്. അതുപക്ഷേ, പരസ്യവാചകങ്ങളുടെ സ്വഭാവവുമാണ്. എന്തെങ്കിലും വ്യക്തമായി പറയുന്നത് യു.ഡി.എഫ് ആണ്. അവര്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് വോട്ടു പിടിക്കുന്നത്. ആ ഭരണം ഏറ്റവും മോശവും തെറ്റും ആയിരുന്നുവെന്ന്‍ കാണിക്കുന്ന വിധത്തില്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്ന്‍ എല്‍.ഡി.എഫ് പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ശരിയാക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞങ്ങളെ ഒന്ന് പരീക്ഷിക്കൂ എന്ന അഭ്യര്‍ത്ഥനയാണ് എന്‍.ഡി.എ നടത്തിക്കൊണ്ടിരിക്കുന്നത്.  

ldf udf- bjp psoters

 

ഇടതുമുന്നണി പ്രചാരണത്തിന് തുടക്കം കുറിച്ചതും അവര്‍ ഊന്നല്‍ കൊടുക്കുന്നതും സോളാര്‍ അഴിമതിയും ബാര്‍ അഴിമതിയും ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി ഭരണത്തിന് എതിരായി ജനങ്ങളുടെ പിന്തുണ നേടാനാണ്. പക്ഷെ, അതിന്റെ വിശ്വാസ്യത അവര്‍ തന്നെ തകര്‍ത്തുകളഞ്ഞു. അവരുടെ സ്ഥാനാര്‍ഥി പട്ടികയിലെ ഒരാള്‍ സോളാര്‍ അഴിമതിയുടേയും അതിലെ നായികയുടേയും അതില്‍പ്പെട്ട പ്രധാന വ്യക്തികളുടേയും ഒരു സ്പോണ്‍സര്‍ എന്നോ തുടക്കക്കാരന്‍ എന്നോ പറയാവുന്ന കെ.ബി ഗണേഷ് കുമാര്‍ ആണ്. അതിനുപുറമേ, അദ്ദേഹത്തിന്റെ പിതാവും ഇപ്പോള്‍ ഇടതുമുന്നണിയ്ക്ക് ഒപ്പമുണ്ട്. വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി വരെ പോയി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തിന് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്ത ആളാണ്‌ അദ്ദേഹം. ബാര്‍ കോഴക്കേസില്‍, മാണിയേക്കാള്‍ മാണിയ്ക്ക് വേണ്ടി വാദിച്ച ആന്റണി രാജുവും കൂട്ടരുമാണ് ഇടതുപക്ഷത്തിന്റെ വേറെ സ്ഥാനാര്‍ഥികള്‍. ഇവര്‍ക്ക് വിശ്വാസ്യതയുണ്ടാകും എന്ന്‍ ഇടതുമുന്നണി ധരിക്കുന്നുണ്ടെങ്കില്‍ ആ കാലം പോയിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും പ്രത്യേകമായി കാണുന്നത് പറ്റം പറ്റമായി പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കുന്ന വോട്ടുകള്‍ കുറഞ്ഞുവരുന്നതായിട്ടാണ്. മാത്രവുമല്ല, ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും പരസ്പരം ആക്ഷേപിക്കുന്നത് ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടെന്നാണ്. ഇവരിതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കവേ നമ്മള്‍ കാണുന്നത് ബി.ജെ.പിയുടെ വോട്ട് വര്‍ധിക്കുന്നതാണ്. എന്നാലെങ്കിലും ആ പ്രചാരണം കൊണ്ട് ഫലമില്ലെന്ന് മനസിലാക്കാന്‍ ഇവര്‍ക്ക് കഴിയാത്തത് ആശയരംഗത്തെ ഇവരുടെ പാപ്പരത്തമാണ് കാണിക്കുന്നത്.

 

സ്ത്രീകളുടെ വോട്ട് ആകര്‍ഷിക്കാന്‍ പറ്റും എന്ന്‍ കരുതിക്കൊണ്ടാണ് മുന്നണികള്‍ ബാര്‍ പ്രശ്നം ഒരു പ്രചാരണ വിഷയമായി ഉയര്‍ത്തുന്നത്. സാധാരണ ഗതിയില്‍ സ്ത്രീ വോട്ടര്‍മാര്‍ പ്രത്യേകമായ എന്തെങ്കിലും ഒരു താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത് വിജയം ഉറപ്പാക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്നതിന്റെ സൂചന നല്‍കുന്ന ഒരു തെളിവ് കണക്കുകളില്‍ കാണാറില്ല. കേരളത്തില്‍ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. പക്ഷെ, സാധാരണ ഗതിയില്‍ ഒരു കുടുംബം മതത്തിന് പിന്തുണ നല്‍കുന്നത് പോലെ തന്നെയാണ് രാഷ്ട്രീയകക്ഷികള്‍ക്കും പിന്തുണ നല്‍കാറുള്ളത് എന്നാണ് ജനാധിപത്യ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ കാണിച്ചിട്ടുള്ളത്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും വീട്ടില്‍ ഭാര്യയും ഭര്‍ത്താവും രണ്ടായിട്ടോ, അല്ലെങ്കില്‍ ഇവിടെ നികേഷ് കുമാറിന്റെ പോലെ ചേട്ടന്‍ ഒരു വശത്തും അനിയന്‍ മറുവശത്തുമൊക്കെ വരാറുണ്ട്. പക്ഷെ, മൊത്തം വോട്ടിന്റെ പിന്തുണ കണക്കാക്കുമ്പോള്‍ അങ്ങനെ പരിഗണിക്കാന്‍ പറ്റില്ല. എന്നാല്‍, പ്രചാരണ രംഗത്തെ ചൂടുപിടിപ്പിക്കാന്‍ ഇതിനൊക്കെ പറ്റിയേക്കും.

 

പഠനങ്ങള്‍ കാണിക്കുന്നതും പ്രചാരണം കൊണ്ടുള്ള പ്രധാന നേട്ടം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഴിയുമെന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ തന്നെ പൊതുവെ, വോട്ടു ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായിട്ടാണ് കാണുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും വരുന്ന പോളിംഗ് പല വികസിത ജനാധിപത്യ രാജ്യങ്ങളിലും, വോട്ട് നിര്‍ബന്ധമല്ലായെങ്കില്‍, കാണാറില്ല. അതുകൊണ്ടുതന്നെ, പ്രചാരണം കൊണ്ടാണ് പോളിംഗ് കൂടുന്നതെന്ന വാദം നമ്മുടെ കാര്യത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതുമല്ല. അതിന്റെ വേറൊരു ലക്ഷണമാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ചില പ്രദേശങ്ങളില്‍ ഏതെങ്കിലും ആവശ്യം ഉന്നയിച്ച് അത് നിറവേറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്നുവരുന്ന വാര്‍ത്തകള്‍. പക്ഷെ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആരെങ്കിലും ബഹിഷ്കരിച്ചോ എന്നാരും നോക്കാറില്ല. കൃത്യമായ പരിശോധന നടത്തിയിട്ടല്ല ഇത് പറയുന്നതെങ്കിലും അങ്ങനെ ആരും റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ വ്യത്യാസം ഇല്ലാത്തത് കൊണ്ടുതന്നെയാണ്.

 

പ്രകടന പത്രികകളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം നന്നേ കുറവാണ് കാണുന്നത്. പക്ഷെ, പതിവില്ലാത്ത രീതിയില്‍ പ്രകടന പത്രികകളെ വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രസകരമായൊരു കാര്യം കേന്ദ്ര അവഗണന മിക്കവാറും അപ്രത്യക്ഷമായി എന്നുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയ്ക്ക് യാതൊരു പ്രാതിനിധ്യവുമില്ല ഇപ്പോഴത്തെ സംസ്ഥാന ഭരണത്തില്‍. പക്ഷെ, രണ്ടു മുന്നണികളും കേന്ദ്രത്തിന്റെ അവഗണന എന്ന വാദം പ്രകടന പത്രികയില്‍ ഉയര്‍ത്തുന്നില്ല. ഇത് ആരും ശ്രദ്ധിക്കാത്ത കാര്യമായ ഒരു മാറ്റമാണ്. സത്യത്തില്‍ കേന്ദ്രത്തിന്റെ അവഗണന എന്ന് പറയുന്നത് കേന്ദ്രം അടുത്ത കാലത്തൊന്നും ഭരിക്കില്ല എന്നുറപ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരെ പേടിച്ച് കോണ്‍ഗ്രസും വെറുതെ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേന്ദ്രം പ്രത്യേക പരിഗണന കൊടുക്കുന്ന സംസ്ഥാനങ്ങള്‍ ചിലതുണ്ട്. ബീമാരു എന്നറിയപ്പെടുന്ന ആ പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് അത് കൊടുക്കേണ്ടതുമാണ്. പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം കൊടുക്കണമെന്ന് പറയുന്നതുപോലെ. അതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീരിനും പ്രത്യേക പരിഗണന നല്‍കുന്നതും അര്‍ഹിക്കുന്ന രീതിയില്‍ തന്നെയാണ്. അനാവശ്യമായ ഒരു പ്രചാരണമാണ് കേന്ദ്ര അവഗണന എന്ന പേരില്‍ ഇവിടെ നടത്തിക്കൊണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ധനകാര്യ കമ്മീഷന് ശേഷം കേന്ദ്ര അവഗണന എന്ന്‍ എന്തെങ്കിലും തരത്തില്‍ പറയാന്‍ കഴിയില്ല.

 

ഉദാരവല്‍കൃത സാമ്പത്തിക വ്യവസ്ഥ അംഗീകരിച്ച്, വിദേശ മൂലധനം ആകര്‍ഷിക്കാന്‍ പോലും മത്സരം നടക്കുന്ന സമയത്ത് ഇത്തരം വാദങ്ങള്‍ ഉന്നയിക്കാതെ നമുക്ക് തന്നെ ഇവരോട് മത്സരിച്ച് നില്‍ക്കാനും അതുപോലെ പ്രാദേശികവും സാമൂഹികവുമായ സമത്വം ലക്ഷ്യമാക്കിയുമുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് വേണ്ടത്. വ്യവസായങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വ്യവസായം തുടങ്ങാന്‍ ചില ഇന്സന്റീവ് കൊടുക്കാറുണ്ട്. പട്ടികജാതിയില്‍ പെടുന്നവര്‍ക്ക് ആധുനിക വ്യവസായങ്ങളില്‍ നിയമനം കൊടുക്കുകയാണെങ്കില്‍ നികുതിയിളവ് കൊടുക്കുന്നതില്‍ പോലും തെറ്റില്ല. എത്ര പട്ടികജാതിക്കാരുണ്ട് ആധുനിക വ്യവസായത്തില്‍ ജോലി ചെയ്യുന്നതായി? എത്ര പട്ടികജാതിക്കാരുണ്ട് സര്‍ക്കാര്‍ മൂന്നിലൊന്നു വരുമാനം മുഴുവന്‍ ചിലവാക്കുന്ന എയ്ഡഡ്‌ സ്കൂളുകളിലും കോളേജുകളിലും? അതൊന്നും ആരും തുറന്ന്‍ പറയുന്നുപോലുമില്ല. അതിനുള്ള ധൈര്യവുമില്ല.  

 

നയപരമായ അഭിപ്രായ വ്യത്യാസമെന്നൊക്കെ പറയുന്നത് ആര്‍ക്കും മനസിലാകാത്ത കുറെ വാക്കുകളും പൊള്ളയായ പ്രചാരണവും ആയി മാറിയിരിക്കുന്നു. എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. അത് ഏതാണ്ട് വിസ്മരിക്കപ്പെട്ട അധ്യായമാണ്. അതില്‍ അതിപ്രധാനമായവയാണ് മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ പൊതുനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്നും ഉള്ളതുമായ നിര്‍ദ്ദേശങ്ങള്‍. ഇത് രണ്ടും ഇവിടെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. പ്രകടന പത്രികയില്‍ എങ്ങനെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാം എന്നുള്ളതിന്റെ അവലോകനം നടത്തുകയും അതിനുവേണ്ടി എന്ത് ചെയ്യുമെന്ന് പറയുന്നതുമാണ് കൂടുതല്‍ ശരി. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം. ഗോവധം നിരോധിക്കുന്നതിനെ പറ്റിയും മദ്യം നിരോധിക്കുന്നതിനെ പറ്റിയും അതില്‍ പറയുന്നുണ്ട്. ഭരണഘടനയില്‍ അങ്ങനെ എഴുതിവെച്ചിട്ട് സര്‍ക്കാര്‍ അതിന് വിപരീതമായി ചെയ്യുന്നത് ശരിയല്ല. അത് എടുത്തുമാറ്റുകയാണ് വേണ്ടത്. അതല്ലെങ്കില്‍ ഞങ്ങളത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തുറന്നുപറയണം. ഭരണഘടനയെ ചൊല്ലി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചുരുങ്ങിയത് ഇത്രയെങ്കിലും ചെയ്യേണ്ടതാണ്.

Tags: