മൂന്നാറിനെ ഉണര്‍ത്തി കുറിഞ്ഞി വസന്തം

അമല്‍ കെ.വി
Tue, 18-09-2018 06:09:05 PM ;

Neelakurinji

നീലക്കുറിഞ്ഞി വിരിഞ്ഞതോടെ പ്രളയത്തില്‍ നിശ്ചലമായിപ്പോയ മൂന്നാര്‍ ടൂറിസം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. മൂന്നാര്‍ ടൗണ്‍ വീണ്ടും സജീവമായി വരുന്നു. ഗതാഗത സംവിധാനങ്ങള്‍ ഏറെക്കുറെ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രളയ കാലത്ത് നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ നിരവധിയിടങ്ങളില്‍ റോഡിലേക്ക് മണ്ണും പാറകളും മരങ്ങളും വീണിരിരുന്നു. റോഡ് പലയിടത്തും വിണ്ട് കീറിയിട്ടുണ്ട്. ഗര്‍ത്തങ്ങളും രൂപപ്പെട്ടിരുന്നു. അതിനാല്‍ ആ സ്ഥലങ്ങളില്‍ ഒരേ സമയം ഒറ്റ ദിശയിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമേ കടന്ന് പോകാന്‍ കഴിയൂ. വലിയ വാഹനങ്ങള്‍ വന്നാല്‍ അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ബ്ലോക്ക് പ്രതീക്ഷിക്കാം.

 

ഇതിന് മുമ്പ് 2006 ലാണ് നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെത്തിയത്. പലകണക്കുകളുണ്ടെങ്കിലും അന്ന് ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരിന്നു എന്നാണ് പറയപ്പെടുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലക്കുറിഞ്ഞി വിടരുമ്പോള്‍ തീര്‍ച്ചയായും സഞ്ചാരികളുടെ ഒഴുക്ക് കൂടും. സമൂഹമാധ്യമ യുഗത്തിലെ ആദ്യത്തെ കുറിഞ്ഞിക്കാലം കൂടിയാണിത്. 2006 ല്‍ പോലും മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് മൂന്നാറില്‍ ഉണ്ടായതെന്ന് അന്ന് പോയിട്ടുള്ളവര്‍ പറയുന്നു. അത് തെറ്റാകാന്‍ വഴിയില്ല. കാരണം പ്രളയാനന്തരം കുറിഞ്ഞി ഉദ്യാനം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഞാന്‍ അവിടെയെത്തുന്നത്, ഏകദേശം അര കിലോമീറ്ററോളം നീളത്തില്‍ ഗതാഗക്കുരുക്ക് ഉച്ചയ്ക്ക് മുമ്പ് തന്നെ അനുഭവപ്പെട്ടിരുന്നു.

 

നീലക്കുറിഞ്ഞി പ്രധാനമായും കാണുന്നുത് ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ്. ഇവിടെ തന്നെയാണ് വരയാടുകളെ കാണപ്പെടുന്നതും. മൂന്നാര്‍ ടൗണില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രാജമലയിലേക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിനി ബസ്സുകളില്‍ മാത്രമാണ് പോകാനാവുക. പ്രവേശന ഫീസും യാത്രാ നിരക്കുമടക്കം ഒരാള്‍ക്ക് 120 രൂപയാണ് ടിക്കറ്റിന്. ക്യാമറ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക ഫീസുണ്ട്. ഉദ്യാനത്തിന്റെ കവാടത്തിനടുത്തുള്ള കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് വാങ്ങാം. ഒരു ദിവസം 3000 പേരെ മാത്രമേ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കൂ.

 

ടിക്കറ്റെടുത്ത ശേഷം ഊഴം കാത്ത് നിന്ന് വേണം ബസ്സില്‍ കയറാന്‍. കുത്തനെയുള്ള കയറ്റം കയറി ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് രാജമലയിലെത്തുക. അവിടെ എത്തിയ ശേഷം കാല്‍ നടയായി ഒന്നര കിലോമീറ്റര്‍ ദൂരം നീലക്കുറിഞ്ഞിക്കാഴ്ചകള്‍ ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കില്‍ രാജമലയുടെ സ്വന്തം വരയാടുകളെയും നീലക്കുറിഞ്ഞിയെയും ഒന്നിച്ച് കാണാം. ഇന്റര്‍നെറ്റില്‍ പരതി കണ്ടുപിടിച്ച ദൃശ്യങ്ങളാണ് അവിടെ പ്രതീക്ഷിക്കുന്നതെങ്കില്‍ അല്‍പം നിരാശയായിരിക്കും ഫലം. കാരണം അതില്‍ കാണുന്നതുപോലെ മല നിറയെ കുറിഞ്ഞി പൂത്തിട്ടില്ല. എങ്കിലും അഴകിന് കുറവൊന്നുമില്ല. കോടമഞ്ഞും, പച്ചപുതച്ച കുന്നും, കുളിര്‍ക്കാറ്റും ഒരുമിച്ച് തരുന്ന അനുഭൂതിയില്‍ പൂത്ത് നില്‍ക്കുന്ന ഒരു കുറിഞ്ഞിച്ചെടി തന്നെ ധാരാളം. അടുത്ത കുറഞ്ഞിക്കാലം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍.

 

രാജമലയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതാതിരിക്കുക (വാഹനങ്ങളില്‍ തന്നെ വച്ചിട്ട് പോരുക). കുറിഞ്ഞി ഉദ്യാനത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ അനുവദിക്കില്ല. കൃത്യമായ പരിശോധനയുണ്ടാകും. ഫോറസ്റ്റിന്റെ  ബസ്സില്‍ നമ്മളെ കൊണ്ടുവന്നിറക്കുന്നിടത്ത് ചെറിയ കഫേ ഉണ്ട്. അവിടെ നിന്ന് ചായയോ സ്‌നാക്‌സോ മറ്റോ വാങ്ങി കഴിക്കാം. പിന്നെ, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നതല്ലെ, ഇവിടെ വരെ വന്നതല്ലെ, എന്നാല്‍ ഒരു കുറിഞ്ഞിപ്പൂവ് പറിച്ച് കളയാം എന്ന് കരുതേണ്ട. ഒരു പൂ പറിച്ചാല്‍ 2000 രൂപയാണ് പിഴ. എല്ലായിടത്തും ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. രാജമലയ്ക്ക് പുറമേ വട്ടവടയിലും, മറയൂരിലും കുറിഞ്ഞി പൂത്തിട്ടുണ്ട്. പക്ഷേ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഞങ്ങള്‍ക്ക് അവിടേക്ക് പോകാനായില്ല.

 

 

Tags: