ആലപ്പുഴക്കാരന്‍ സൈക്കിളില്‍ റഷ്യയിലേക്ക്!

അമല്‍ കെ.വി
Mon, 12-03-2018 07:30:12 PM ;

clifin-cycle

ബൈക്ക് യാത്രാ പ്രേമികള്‍ക്ക് വസന്തകാലവുമായിട്ടായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് നിരത്തിലേക്ക് തിരിച്ചെത്തിയത്. ക്ലാസ്സിക്കിലും സ്റ്റാന്റേര്‍ഡിലും 500 ലും തണ്ടര്‍ ബേര്‍ഡിലും ഹിമാലയനിലും ഒക്കെയായി ഇരുചക്ര യാത്രാപ്രേമികള്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈയിടെയായി യാത്രികരുടെ പ്രേമം ബുള്ളറ്റില്‍ നിന്ന് സൈക്കിളുകളിലേക്ക് മാറിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സൈക്കിള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. സൈക്കിള്‍ യാത്രികരുടെ എണ്ണത്തില്‍ മാത്രമല്ല അവര്‍ ലക്ഷ്യം വയ്ക്കുന്ന ദൂരത്തിലും വര്‍ദ്ധനവ് പ്രകടം.

 

അത്തരത്തില്‍ ഒരു സൈക്കിള്‍ ദീര്‍ഘ ദൂരയാത്രക്ക് കഴിഞ്ഞ ദിവസം തുടക്കമായി. യാത്രികന്‍ ആലപ്പുഴ സ്വദേശി ക്ലിഫിന്‍, ലക്ഷ്യം അങ്ങ്... റഷ്യ. ഇറാന്‍, ജോര്‍ജിയ, ആര്‍മേനിയ വഴി റഷ്യയിലെ മോസ്‌കോ വരെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്ലിഫിന്റെ സ്വപ്ന യാത്ര.

 

ക്ലിഫിന്റെ യാത്രയുടെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത് എന്നു വേണമെങ്കില്‍ പറയാം. കാരണം നീണ്ട നാളുകളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ക്ലിഫിന്‍ യാത്രാനുമതി നേടിയെടുത്തത്. യാത്രക്കുള്ള മുന്നൊരുക്കള്‍ വേറെയും. ഒരു ഗണിതശാസ്ത്ര ആദ്ധ്യാപകനായ ക്ലിഫിന്‍ ട്യൂഷനെടുത്തും ഓവര്‍ ടൈം ജോലി ചെയ്തുമാണ് യാത്രക്കാവശ്യമായ പണം സ്വരുക്കൂട്ടിയത്.

 

'എനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ എന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ആത്മവിശ്വാസം ഉണ്ടാകണം അവര്‍ക്കും ഇത്തരത്തില്‍ ഒരു യാത്ര പോകാന്‍ കഴിയുമെന്നുള്ളത്. അതിനു മറ്റൊന്നും തടസമാവില്ല എന്നുള്ളത്'. യാത്ര തുടങ്ങും മുമ്പ് ക്ലിഫിന്‍ തന്റെ സുഹൃത്തായ സമീറിനോട് പറഞ്ഞ വാക്കുകളാണിത്.

 

തന്റെ സുഹൃത്തിന്റെ ഈ യാത്ര കേരളത്തിലെ യാത്രാ പ്രേമികളുടെ കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ടു വരുമെന്ന് സമീര്‍ പറയുന്നു.

 

 

 

 

Tags: