ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും ഡാറ്റ വിറ്റെന്ന് റിപ്പോര്‍ട്ട്

Glint Staff
Tue, 01-05-2018 03:42:02 PM ;

twitter

ഫേസ്ബുക്കിന് പിന്നാലെ  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ അതേ രീതിയാണ് ട്വിറ്ററിലും ഉപയോഗിച്ചതെന്നാണ് സൂചന.

 

കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ( third party) ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഇതേ കോഗന്‍ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്ആര്‍)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് 'ദ് സണ്‍ഡേ ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണു കോഗന്‍ ചോര്‍ത്തിയെടുത്തത്.

 

എന്നാല്‍ എത്ര ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ബ്രാന്‍ഡഡ് റിപ്പോര്‍ട്ട്, സര്‍വേ എക്‌സ്റ്റെന്‍ഡര്‍ എന്നിവയ്ക്ക് വേണ്ടി മാത്രമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന ചില വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

 

ഉപയോക്താക്കള്‍ പങ്കിടുന്ന 'പൊതു അഭിപ്രായങ്ങള്‍' ശേഖരിക്കാന്‍ കമ്പനികള്‍ക്കും സംഘടനകള്‍ക്കും പണം വാങ്ങി ട്വിറ്റര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവ പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനുമാണ് ഉപയോഗിക്കുന്നതെന്നു ട്വിറ്റര്‍ പറയുന്നു.തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതിനാലാണ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും ട്വിറ്ററില്‍ തുടരാനാവുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

 

Tags: