സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ നിന്ന് പിന്മാറാന്‍ എല്‍.ജി?

Glint desk
Sat, 23-01-2021 06:27:27 PM ;

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നിന്നും ഇലക്ട്രോണിക് ഉത്പന്ന രംഗത്തെ ഭീമന്മാരായ എല്‍.ജി പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ കമ്പനിക്ക് വലിയ നഷ്ടം നേരിട്ടതോടെയാണ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വിറ്റൊഴിയാന്‍ എല്‍.ജി തയ്യാറെടുക്കുന്നത്. 2021 ല്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്നും എല്‍.ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 32,847 കോടി രൂപ നഷ്ടത്തിലാണ് എല്‍.ജിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിനസ് കൊറിയയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍.ജി തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗം വിയത്‌നാം കമ്പനിയായ വിന്‍ ഗ്രൂപ്പിന് വില്‍ക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് പറയുന്നത്. 

സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് വില്‍ക്കാന്‍ ഏറെ നാളായി ഒരു കമ്പനിയെ എല്‍.ജി തേടുന്നുവെന്നും ഏറ്റവും മികച്ച ഓഫര്‍ വിയത്‌നാം കമ്പനിയില്‍ നിന്നാണെന്നുമാണ് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് പറയുന്നത്. 2020 അവസാനം 16.5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂലധനമുള്ള കമ്പനിയാണ് വിന്‍ ഗ്രൂപ്പ്. എല്‍.ജി അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ വിന്‍ ഗ്രൂപ്പിനുണ്ട്. എല്‍.ജിയുടെ ഫോണ്‍ ബിസിനസിന്റെ ദിശയിലുള്ള മാറ്റത്തെക്കുറിച്ച് സൂചന നല്‍കി ക്വോണ്‍ ബോങ്-സിയോക്ക് ബുധനാഴ്ച ഉദ്യോഗസ്ഥര്‍ക്ക് ഒരു മെമ്മോ അയച്ചതായി കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദക്ഷിണ കൊറിയയിലെ എല്‍.ജിയുടെ പ്രധാന എതിരാളികളായ സാംസങ്ങില്‍ നിന്നുള്ള വെല്ലുവിളിക്ക് പുറമേ വിലകുറഞ്ഞ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതോടെയാണ് ഒരു കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മുന്‍നിരക്കാരായ എല്‍ജിക്ക് കാലിടറിയത്.

സ്മാര്‍ട് ഫോണ്‍ ബിസിനസ് വില്‍പ്പന, നിര്‍മാണം അവസാനിപ്പിക്കല്‍, നിര്‍മാണം വെട്ടികുറയ്ക്കല്‍ എന്നിവയുള്‍പ്പെടെ സാധ്യമായ എല്ലാ നടപടികളും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ജീവനക്കാര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോ യഥാര്‍ഥമാണെന്ന് എല്‍.ജി സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും ജീവനക്കാരെ നിലനിര്‍ത്തുമെന്നും മെമ്മോയില്‍ പറയുന്നുണ്ട്. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ് യൂണിറ്റുകളിലേക്ക് മാറ്റിയേക്കും. എന്നാല്‍, ശേഷിക്കുന്ന 40 ശതമാനം ജീവനക്കാരെ നിലവില്‍ ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം പുനക്രമീകരിക്കും എന്നാണ് എല്‍.ജി സി.ഇ.ഒയുടെ പദ്ധതി എന്നാണ് വിവരം. അതിനിടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗം വില്‍ക്കുന്നു എന്ന വാര്‍ത്തകളും വരുന്നത്.  

Tags: