Skip to main content
Kochi

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായ അന്വേഷണസംഘത്തിന്റെ നീക്കം. വി കെ ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.  അതേസമയം, വിജിലന്‍സ് ഡയറക്ടര്‍  അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. 

 

പാലം പണിയുടെ കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണെന്നാണ്  ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ് . എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.  

 

ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍  മുന്‍ മന്ത്രിയുടെ അറസ്റ്റിലേക്ക് വിജിലന്‍സ് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.