ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് വൈകീട്ടോടെ എത്തിക്കും, നാളെ ഹാജരാക്കും

Glint Desk
Sun, 30-01-2022 11:37:24 AM ;

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കേസന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് വൈകീട്ടോടെ എത്തിക്കും. ദിലീപിന്റെ രണ്ട് ഫോണുകളാണ് മുബൈയിലുള്ളത്. നാല് ഫോണുകള്‍ പരിശോധനക്കയച്ചിട്ടില്ല. ഫോണുകള്‍ നാളെ രാവിലെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിന്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം എം ജി റോഡിലെ ഒരു ഫ്‌ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. തന്റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദിലീപിന്റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

Tags: