ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി

Glint Desk
Thu, 27-01-2022 11:39:35 AM ;

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ബുധനാഴ്ച വരെ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദീലീപ്, സഹോദരി ഭര്‍ത്താവ് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താത്ക്കാലികമായി തടഞ്ഞിട്ടുള്ളത്.

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന്റെ പരിശോധനാഫലം മുഴുവനായി ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിച്ചത്.

നേരത്തെ ഉപയോഗിച്ച ഫോണ്‍ കൈമാറില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ ഫോണുകള്‍ അഭിഭാഷകന്റെ കയ്യില്‍ ഉണ്ടെന്നും ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ദിലീപ് അറിയിച്ചു. ഒരു ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിനുള്ളതും, മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുമാണ്. ഈ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണ്‍ പിടിച്ചെടുക്കണം. ഇതില്‍ ഇവര്‍ തനിക്കെതിരായി നടത്തുന്ന ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ ഉണ്ടെന്നും ദിലീപ്. ഡിസംബര്‍ 9ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അഞ്ച് പ്രതികളും ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഒരുമിച്ച് മാറ്റിയത്.

Tags: