സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യഘട്ടം കണ്ണൂരില്‍

Glint Desk
Fri, 31-12-2021 01:40:43 PM ;

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, കണ്ണൂര്‍, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, ധര്‍മ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടര്‍ ഭൂമിയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

സില്‍വര്‍ ലൈനിനെ അനുകൂലിച്ചും എതിര്‍ത്തും പോര്‍വിളികള്‍ മുറുകുന്നതിനിടെയാണ് സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം വരുന്നത്. പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പദ്ധതി എളുപ്പം നടത്താമെന്ന ധിക്കാരം വേണ്ടെന്ന് ബി.ജെ.പിയും ഓപ്പണ്‍ ഹിയറിംഗ് നടത്തണമെന്ന് കോണ്‍ഗ്രസും ആവര്‍ത്തിക്കുകയാണ്. ഡി.പി.ആര്‍ പുറത്ത് വിടണമെന്ന ആവശ്യവും ശക്തമാണ്. 

Tags: