മുല്ലപ്പെരിയാര്‍ വിഷയം; തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

Glint Desk
Tue, 26-10-2021 10:58:33 AM ;

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു പണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്.ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു. ട്വിറ്ററിലും താരത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാര്‍ഥ മലയാളി ആണെങ്കില്‍ ഇനി തമിഴ് സിനിമയില്‍ അഭിനയിക്കില്ലെന്നും തമിഴ്‌നാട്ടില്‍ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉള്‍പ്പടെ നിരവധി മലയാളി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.

Tags: