സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ 50 ലക്ഷം വാഗ്ദാനം ചെയ്തു

Glint Desk
Mon, 27-09-2021 11:09:02 AM ;

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ.സുന്ദര. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സുന്ദര ആരോപിക്കുന്നത്. അതില്‍ 47.5 ലക്ഷം രൂപ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റി. തനിക്ക് ലഭിച്ചത് 2.5 ലക്ഷം രൂപയാണെന്നും സുന്ദര പറഞ്ഞു. ഒരു ബി.ജെ.പി സുഹൃത്തില്‍ നിന്നാണ് താന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞതെന്നാണ് സുന്ദര പറയുന്നത്.

തന്നെ അറിയില്ലെന്ന കെ.സുരേന്ദ്രന്റെ വാദം തള്ളിയും സുന്ദര രംഗത്തെത്തി. സുരേന്ദ്രന്‍ നേരിട്ട് തന്നോട് സംസാരിച്ചെന്നും കെ.സുരേന്ദ്രന്‍ നേരിട്ട് വിളിച്ചാണ് എല്ലാം ഏര്‍പ്പാട് ചെയ്തത്. മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തതും സുരേന്ദ്രന്‍ നേരിട്ടാണെന്നും സുന്ദര പറഞ്ഞു. മാര്‍ച്ച് 20ന് രാത്രി തന്നെ പാര്‍പ്പിച്ചത് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ തനിക്ക് ശരിയാക്കിതന്നത് കെ.സുരേന്ദ്രനായിരുന്നുവെന്നും കെ.സുന്ദര കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും കെ.സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതേ ഫോണ്‍ തന്നെയാണ് സുരേന്ദ്രന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുന്ദരയെ അറിയില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.

Tags: