Skip to main content

കെ കരുണാകരനും എ.കെ ആന്റണിയും തങ്ങളുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ സ്വഭാവിക പരിണാമമാണ് ഉമ്മന്‍ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും എത്തി നില്‍ക്കുന്നത്. കെ കരുണാകരനും എ.കെ ആന്റണിയും സന്ദര്‍ഭത്തിനനുസരിച്ച് തങ്ങളുടെ താല്‍പ്പര്യ പ്രകാരം ഗ്രൂപ്പ് പ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എ.കെ ആന്റണി ഉന്നയിച്ചിരുന്നത് ആദര്‍ശത്തിന്റെ പരസ്യമുഖമുള്ള ചില വാദങ്ങളായിരുന്നു. നന്മയുടെ ഭാഗത്ത് ആന്റണിയെയും തിന്മയുടെ ഭാഗത്ത് കരുണാകരനെയും പ്രതിഷ്ഠിച്ചു കൊണ്ടുള്ളതായിരുന്നു ഇവര്‍ തമ്മിലുള്ള ഗ്രൂപ്പ് വൈര്യങ്ങള്‍. ഈ ഗ്രൂപ്പ് വൈര്യത്തില്‍ വാസ്തവത്തില്‍ ലാഭം കൊയ്തത് എ.കെ ആന്റണിയാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തെ രഹസ്യമായി താലോലിച്ച് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ആന്റണിയോളം മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. 

പിന്നീട് പല ഗ്രൂപ്പുകള്‍ നേതാക്കന്മാര്‍ വളരുന്നതിനനുസരിച്ച് ഉണ്ടാവുന്നതും പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വെക്കുമ്പോള്‍ ഈ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നതെല്ലാം പതിവ് കാഴ്ചയാണ്. ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം വെറും 21 ആയി ചുരുങ്ങിയിരിക്കുന്നത്. ദേശീയ തലത്തിലെന്ന പോലെ കേരളത്തിലും കോണ്‍ഗ്രസ് അതിദയനീയമായ അവസ്ഥയിലാണ് എന്ന ചിന്ത മുതിര്‍ന്നനേതാക്കന്മാരില്‍ പ്രകടമാകുന്നില്ല എന്നതാണ് വസ്തുത. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവരെ അനുകൂലിക്കുന്നവരും തങ്ങളുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തനം എന്നത് മാധ്യമങ്ങളിലൂടെയുള്ള പ്രസ്ഥാവനകള്‍ മാത്രമായി ചുരുങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിന് ഒരു മാറ്റം വരുത്തും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ നേതൃത്വം കോണ്‍ഗ്രസില്‍ ഉടലെടുത്തത്. കെ സുധാകരനും വി.ഡി സതീശനും ചേര്‍ന്നുള്ള പുതിയ നേതൃത്വം കോണ്‍ഗ്രസിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ ഈ ഘട്ടത്തില്‍ സംശയത്തോടെയോ അശുഭാപ്തി വിശ്വാസത്തോടെയോ നോക്കേണ്ട കാര്യമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ വിലയിരുത്തുമ്പോള്‍ ദോഷകരമായ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നതിനുള്ളതൊന്നും തന്നെയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കെ സുധാകരനും പാര്‍ട്ടിയെ പ്രാദേശിക തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചു കൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം വരുന്നതും ഇതിനെതിരെ പരസ്യമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തിയതും. തമ്മില്‍ തല്ലാതെ കെ സുധാകരനും വി.ഡി സതീശനും എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോയില്ലായെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച വിദൂരമല്ല.

Tags