ജി സുധാകരന്‍ സത്യസന്ധനായ മന്ത്രിയായിരുന്നു, കത്തിന് പിന്നില്‍ നല്ല ഉദ്ദേശം മാത്രം: ആരിഫ്

Glint desk
Sat, 14-08-2021 10:54:47 AM ;

ജി സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി എ.എം ആരിഫ് എം.പി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിത റോഡില്‍ ഇപ്പോള്‍ നിറയെ കുഴികള്‍ ആണെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കാണണമെന്നുമാണ് ആരിഫ് പറയുന്നത്. റോഡ് സഞ്ചാര യോഗ്യം ആക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ആലപ്പുഴ എം.പി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴെ തുടങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിശദീകരിച്ചു. 

നൂറു ശതമാനം സത്യസന്ധനായ മന്ത്രി ആയിരുന്നു ജി സുധാകരന്‍ എന്ന് പറഞ്ഞ ആരിഫ്, വകുപ്പ് തലത്തില്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നുവെന്നും വിശദീകരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുമ്പോള്‍ പ്രശ്‌നം ഉണ്ടാകാമെന്നും അത് മുന്‍കൂട്ടി കാണാന്‍ മന്ത്രിക്ക് കഴിയണമെന്നില്ലെന്നുമാണ് ആരിഫിന്റെ വിശദീകരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതെല്ലാ മുന്‍കൂട്ടി കാണണമായിരുന്നുവെന്നും എം.പി പറയുന്നു.

ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 KM)പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019ല്‍ 36 കോടി ചിലവഴിച്ച് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്റെ പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ട് എങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നുമാണ് എം.പി കുറ്റപ്പെടുത്തുന്നത്.

Tags: