Skip to main content

ടി.പി.ആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് പ്രവേശിക്കാമെന്ന നിലവിലുള്ള അനുമതി തുടരും.

ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടി.പി.ആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്. സംസ്ഥാനത്ത് ടി.പി.ആര്‍ എട്ട് ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടര്‍ന്നേക്കും.