മുല്ലക്കര രത്നാകരന് ഫേസ്ബുക്കില്‍ വിലക്ക്, കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാളിച്ചയെക്കുറിച്ച് പോസ്റ്റിട്ടതിനോ എന്ന് പ്രതികരണം

Glint desk
Thu, 10-06-2021 03:15:50 PM ;

മുന്‍മന്ത്രി മുല്ലക്കര രത്നാകരന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുന്നതിന് വിലക്ക്. ജൂണ്‍ ആദ്യം മുതല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മുല്ലക്കര രത്നാകരന്‍ പറയുന്നു. ഈ മാസം ആദ്യം മുതല്‍ തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്നു ഫെയ്സ്ബുക്ക് വിലക്കിയതായി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. തന്റെ വ്യക്തിഗത ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത്തരത്തില്‍ ഒരു നിയന്ത്രണമോ ലംഘനങ്ങളോ ഇല്ല എന്നാണ് പറയുന്നത്.

പേജ് വഴി അടുത്തകാലത്ത് വിമര്‍ശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതില്‍ ആരുടെ ''കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്'' ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ല. കേന്ദ്രസര്‍ക്കാരിനെതിരായും അവരുടെ കോവിഡ് വിഷയത്തിലെ പാളിച്ചകള്‍ക്കെതിരായും പോസ്റ്റിടുന്നവരുടെ ശബ്ദങ്ങളെ ഫെയ്‌സ്ബുക്ക് അടിച്ചമര്‍ത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശസ്ത കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും Modiresign എന്ന ഹാഷ്ടാഗിന് ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ ഉള്ള നയങ്ങളുടെ ഭാഗമായാണൊ ഈ വിലക്കെന്ന ചോദ്യത്തിന് ''നിങ്ങളുടെ ഫ്രസ്‌ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല'' എന്ന   തരത്തിലായിരുന്നു മെയിലൂടെ ഫേസ്ബുക്കിന്റെ മറുപടി, മുല്ലക്കര രത്നാകരന്‍ പറയുന്നു.

Tags: