Skip to main content

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് രാഷ്ട്രീയ കേരളം. 42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ഭരണം നേടിയ ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്ക് സത്യവാചകങ്ങള്‍ ചൊല്ലികൊടുത്തു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. 

പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്.

കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരത്തിന് ശേഷം സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം ചേരും. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും ആദ്യ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിചിരുന്നു.