അങ്കക്കലിയില്‍ സുധാകരന്‍; വീഴുമോ വാഴുമോ?

എസ്.ഡി വേണുകുമാര്‍
Mon, 19-04-2021 01:02:06 PM ;

ആലപ്പുഴ സി.പി.എമ്മില്‍ മുടിചൂടാ മന്നനായിരുന്ന ജി.സുധാകരന്റെ കാര്യത്തില്‍ രണ്ടിലൊന്ന് മെയ് രണ്ടിനറിയാം. എല്‍.ഡി.എഫിന് തുടര്‍ ഭരണം കിട്ടിയാല്‍ സുധാകരന്റെ വീഴ്ച ഉറപ്പ്. അല്ലാത്ത പക്ഷം പിണറായിക്കെതിരെയുള്ള നേര്‍ യുദ്ധത്തിന് സുധാകരന്റെ പോര്‍വിളി ഉയരും. അതിന്റെ മുന്നൊരുക്കങ്ങളാണ് ആലപ്പുഴയില്‍ നടന്നു വരുന്നത്.

ആലപ്പുഴയില്‍ ഞാനാണ് പാര്‍ട്ടി എന്ന് മേനി നടിച്ചിരുന്ന സുധാകരന്റെ കൊമ്പൊടിച്ച നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. വോട്ടര്‍ പട്ടികയില്‍ സ്വന്തം നിലയ്ക്ക് ആളെ ചേര്‍ത്ത് അംഗബലം കൂട്ടിക്കൊണ്ടിരിക്കെ അമ്പലപ്പുഴയില്‍ സുധാകരന് സീറ്റ് നിഷേധിച്ചത് ഓര്‍ക്കാപ്പുറത്ത് ലഭിച്ച പ്രഹരമായിരുന്നു. രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല എന്നൊക്കെ പാര്‍ട്ടി നേതൃത്വം പറയുമ്പോഴും റോഡ് വികസന നായകനും അഴിമതിക്കെതിരെ പോരാടുന്നവനും എന്ന് ഇടക്കിടെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവകാശവാദമുന്നയിക്കുന്ന തന്നെ ഒഴിവാക്കുമെന്ന് അദ്ദേഹം കരുതിയില്ല. യു.ഡി.എഫ് മണ്ഡലമാണ് അമ്പലപ്പുഴയെന്നും അവിടെ ജയിക്കുന്നത് താനായതു കൊണ്ടു മാത്രമാണെന്നും ഇടക്കിടെ സുധാകരന്‍ മാധ്യമങ്ങളോട് പറയുമായിരുന്നു. ഈ സീറ്റ് മറ്റാര്‍ക്കും നല്‍കരുതെന്ന സുധാകര കൂര്‍മ്മബുദ്ധി ഇതിന് പിന്നില്‍ കണ്ടവര്‍ നിര്‍ദ്ദയം അദ്ദേഹത്തെ കൈയൊഴിഞ്ഞു. അതുമാത്രമല്ല, കൂടെ കൊണ്ടു നടക്കുകയും ഇടക്കിടെ 'പണി' കൊടുക്കുകയും ചെയ്തിരുന്ന സുധാകരന്റെ 'വിശ്വസ്തന്‍' സലാമിനു തന്നെ ആ സീറ്റ് കൊടുക്കുകയും ചെയ്തു. കവി മന്ത്രിക്ക് സമനില തെറ്റാന്‍ മറ്റെന്തു വേണം !

സീറ്റ് നിഷേധിച്ചതു പോട്ടെ. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ജില്ലയിലെ എല്ലാമെല്ലാമായ സുധാകരനല്ലെ ജില്ലയില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കേണ്ടത്. അതും നല്‍കിയില്ല. പകരം ആ ചുമതല പാര്‍ട്ടിയുടെ ധര്‍മ്മടം സ്ഥാനാര്‍ത്ഥിയും മുന്നണിയുടെ ക്യാപ്റ്റന്‍ എന്ന് പറഞ്ഞു നടക്കുന്ന സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ ഏറ്റെടുത്തു. അമ്പലപ്പുഴയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെപ്പറ്റി സുധാകരന് പിണറായി ചില കല്‍പ്പനകള്‍ നല്‍കിയെന്നു കൂടി പാര്‍ട്ടിക്കുള്ളിലെ ക്രിമിനലുകള്‍ പാടി നടക്കുന്നുണ്ട്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ സുധാകരന്‍ പ്രകോപിതനാകാന്‍ ഇനിയെന്തു വേണം.

കളി അവിടം കൊണ്ടു മാത്രം തീര്‍ന്നില്ല. സുധാകരന്റെ വലിയ തലയും സ്ഥാനാര്‍ത്ഥിയുടെ ചെറിയ തലയുമായി അമ്പലപ്പുഴയിലെ ചുവരുകളില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ കീറി കളഞ്ഞ് സ്ഥലം എം.പി ആരിഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ പതിച്ചു. പരാക്രമം അവിടെയും തീര്‍ന്നില്ല. സുധാകരന്‍ പിരിച്ചുവിട്ട പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയെ കൊണ്ട് സുധാകരനെതിരെ പോലീസില്‍ പരാതി കൊടുപ്പിച്ചു. പാര്‍ട്ടി എല്‍.സി അംഗമാണ് ഈ പിരിച്ചുവിടപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫ് അംഗം എന്നു മോര്‍ക്കുക. ഇതിനും പുറമേ മനോരമയില്‍ ചില വാര്‍ത്തകളും. സുധാകരന്‍ വേണ്ട വിധം സ്വന്തം സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്നാണ് വാര്‍ത്തയുടെ പൊരുള്‍. അത് അറിയാത്തവരല്ല മറ്റു മാധ്യമങ്ങള്‍. അതില്‍ അത്ര വലിയ വാര്‍ത്തയുണ്ടെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. മനോരമക്കെതിരെയെന്ന മട്ടില്‍ സുധാകരന്‍ നടത്തിയ പത്രസമ്മേളനം കണ്ടവര്‍ക്കറിയാം അദ്ദേഹത്തിന്റെ മനോനില. പല്ലു കടിച്ചും കൈ ഞെരിച്ചും അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം.

പറഞ്ഞതിന്റെ പൊരുള്‍ ഏതാണ്ടിങ്ങനെ. 55 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ട് താന്‍. സീനിയോറിട്ടി കാട്ടി ആരും വിരട്ടാന്‍ നോക്കണ്ട. രക്തസാക്ഷി കുടുംബമാണ്. പാര്‍ട്ടി കൂറിനെ ചോദ്യം ചെയ്യാന്‍ ആരും  വളര്‍ന്നിട്ടില്ല. അഴിമതിക്കാരനാണെന്ന് ശത്രുക്കള്‍ പോലും പറയില്ല. താന്‍ കൂടി നടത്തിയ വികസനത്തിന്റെ പേരിലാണ് തുടര്‍ ഭരണത്തിന് വോട്ട് ചോദിക്കുന്നത്. ( അതിനുള്ള പണം ആര് നല്‍കിയെന്ന് പറയുന്നില്ല. അങ്ങനെ തോമസ് ഐസക്ക് കേമനാവണ്ട.) തന്റെ ഭാര്യയും മകനും അവരുടെ പാട് നോക്കി ജീവിക്കുകയാണ്. മകനാണെങ്കില്‍ വിദേശത്ത് 12 ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ( കുത്തകകള്‍ക്ക് എതിരെ നാഴികക്കു നാല്പതു വട്ടം പറയുന്ന സുധാകരന്റെ മകന്‍ ഏതെങ്കിലും കുത്തകയുടെ പണിക്കാരനാണോ എന്നു പറയുന്നില്ല.)കളി എന്നോട് വേണ്ട എന്ന ഒരു വാണിംഗ് ആണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

പക്ഷേ, മറുപക്ഷത്ത് അന്തര്‍ധാര സജീവമാണ്. സുധാകരന്റെ അമ്പുകൊണ്ട് പല കാലങ്ങളായി മുറിവേറ്റ് ചടഞ്ഞു കൂടിയിരുന്നവരാണ് ഈ മറുപക്ഷം. അതിന് നേതൃത്വം കൊടുക്കുന്നവരില്‍ മുന്‍ ജില്ലാ സെക്രട്ടറി സജി ചെറിയാനും എ.എം ആരിഫ് എം.പി.യും പി.പി ചിത്തരഞ്ജനും എച്ച് സലാമും എല്ലാം ഉള്‍പ്പെടും. സുധാകരനെ പിണറായി കൈവിട്ടോ എന്നാണെല്ലാവരും ഉറ്റുനോക്കുന്നത്. ഉപശാല വര്‍ത്തമാനം ശരിയാണെങ്കില്‍ സുധാകരനെതിരായ നീക്കത്തിനു പിന്നില്‍ പിണറായിയുടെ മൗനാനുവാദം ഉണ്ട്. ഇത് നെല്ലും പതിരും തിരിയാന്‍ മെയ് രണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിയണം. തുടര്‍ന്നു വരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ സംഭവ ബഹുലമാവും. കുറെ തലകള്‍ വീഴും. അണിയറ ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി വ്യാകരണമനുസരിച്ച് വിഭാഗീയത തലപൊക്കുന്നു എന്ന് പറയാം.

Tags: