പിണറായി വിരട്ടി; സുധാകരന്‍ സദാ സമയവും സലാമിനൊപ്പം

Glint desk
Fri, 26-03-2021 12:31:32 PM ;

സീറ്റില്ലെന്നറിഞ്ഞതോടെ സ്റ്റേറ്റ് കാറില്‍ നേരെ പുന്നപ്രക്കു കുതിച്ച മന്ത്രി ജി.സുധാകരന്‍ വീട്ടിലെത്തി. പിന്നെ കൂട്ടിലടച്ച സിംഹത്തെ പോലെയായിരുന്നു. എന്ത് പിണറായി? ഏത് പിണറായി? ആര്‍ക്ക് പിണറായി പേടി ? എന്നിങ്ങനെ പിറുപിറുത്ത് തലങ്ങും വിലങ്ങും നടന്നു. ദിനചര്യകളെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് പറഞ്ഞു- രാവിലെയും വൈകീട്ടും വ്യായാമം. ഇടവേളകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം. പറഞ്ഞത് ശരിയായിരുന്നു. വല്ലപ്പോഴും അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച്. സലാമിന്റെ യോഗത്തില്‍ ഒന്നു തല നീട്ടും. പിന്നെ ചില അയല്‍ മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണം. സര്‍ക്കാരിന്റെ വികസനം പറഞ്ഞു തുടങ്ങുന്ന പ്രസംഗത്തില്‍ റോഡുകളുടെ കാര്യം എത്ര പറഞ്ഞാലും തീരില്ല. അതായിരുന്നുവല്ലോ സ്വന്തം വകുപ്പ്. ഞാനില്ലെങ്കില്‍ ആലപ്പുഴയില്ലെന്നു പറഞ്ഞു നടന്ന പുള്ളിക്കാരന്റെ ദയനീയാവസ്ഥ കണ്ട് പാര്‍ട്ടിക്കുള്ളിലെ എതിര്‍ചേരി വാ പൊത്തി ചിരിച്ചു. ആരെയും വെട്ടി വീഴ്ത്താന്‍ ഉടവാളുമായി നടന്ന ആലപ്പുഴക്കാരുടെ പടനായകനെ, വാളു പിടിച്ചു വാങ്ങി പടയാളികള്‍ നിലം പരിശാക്കിയതു കണ്ട് കോണ്‍ഗ്രസുകാര്‍ പോലും കണ്ണീര്‍ വാര്‍ത്തുവെന്നാണ് ഉപശാലാ വര്‍ത്തമാനം.

സുധാകരന്‍ സാറ് സഹായിക്കുന്നില്ലെന്ന് സ്ഥാനാര്‍ത്ഥിയും കൂട്ടരും നിലവിളിച്ച് നടക്കുന്നതിനിടയിലാണ് സാക്ഷാല്‍ പിണറായി വിജയന്‍ മണ്ഡലത്തിലെത്തിയത്. മുന്നില്‍ നിന്ന് ആരോ ഒന്ന് മുരടനക്കി. പിണറായി കടാക്ഷം കിട്ടിയ പാടെ അയാള്‍ പറഞ്ഞു. - കവി ഇപ്പോള്‍ ആളത്ര ശരിയല്ല. വല്ലപ്പോഴും ഇവിടെ തലകാട്ടുന്നുണ്ടെങ്കില്‍ ഒപ്പമുണ്ടെന്ന് ഉറപ്പില്ല. ഒന്ന് ഉറപ്പിക്കണം. വിഷയം ഉറപ്പാണല്ലോ. വിളിക്കൂ സുധാകരനെയെന്നായി പിണറായി. കേട്ട പാടെ സഹായി വിളിച്ചു ഫോണ്‍ പിണറായിക്കു നല്‍കി. എന്താ സുധാകരാ.... എന്നു ലോഹ്യം പറഞ്ഞു തുടങ്ങി ശബ്ദം ഇത്തിരി പരുക്കനാക്കി വിളി പൂര്‍ത്തിയാക്കി.

ഇപ്പോള്‍ കാണുന്ന കാഴ്ച അതിശയകരം എന്നേ പറയേണ്ടൂ. അമ്പലപ്പുഴയില്‍ സലാമിന്റെ കൈ പിടിച്ചു വീടുവീടാന്തരം കയറുകയാണ് സുധാകരന്‍. ഇവന്‍ നമ്മടെ പയ്യന്‍ ... വിജയിപ്പിക്കണേ.... എന്ന് താണു വീണ് പറയുന്നു. കുടുംബയോഗങ്ങളില്‍ ഓടി നടന്നു പങ്കെടുക്കുന്നു. ഇതെല്ലാം കണ്ട് തൊട്ടപ്പുറത്ത് പരിഹാസ ചിരിയുമായി നില്‍ക്കുകയാണ് പണി തെറിച്ച ജുബ്ബാക്കാരന്‍ മന്ത്രി. പുള്ളിയെപ്പറ്റി ആര്‍ക്കും പരാതിയില്ല. ന്യൂ ജെന്‍ പെമ്പിള്ളേരുടെ ചുരിദാറും ടോപ്പും പോലെയൊരു വേഷവുമിട്ട്, ചുണ്ടത്ത് ബുജി ചിരി ഫിറ്റ് ചെയ്ത് മണ്ഡലമാകെ കറക്കം. 

ഇടക്കിടെ കഞ്ഞിക്കുഴി കൃഷിയിടങ്ങളില്‍ കര്‍ഷകരുമായി സെല്‍ഫി, ബീച്ചില്‍ പോയി ചൂണ്ടക്കാരുമായി സെല്‍ഫി, കുടുംബശ്രീക്കാര്‍ക്കിടയില്‍ ചെന്ന് അവരുമായി ഒരു സെല്‍ഫി... ഇങ്ങനെ അര്‍മാദിച്ചു നടക്കുന്നു. ഇതെല്ലാം എഫ്.ബി. വഴി മാലോകരെ അറിയിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പിരിമുറുക്കവുമില്ല. കിട്ടുന്ന വേദികളിലെല്ലാം ചെന്ന് ചിത്തരഞ്ജനെ ജയിപ്പിക്കണമെന്നും പറയുന്നുണ്ട്. ദോഷം പറയരുത് തനിക്ക് പണിയില്ലെന്ന കാര്യം ഉറപ്പാക്കിയെങ്കിലും മറ്റാര്‍ക്കും പണിയാന്‍ പുള്ളിയില്ല. കിഫ് ബി എന്നാരും മിണ്ടിപോകരുതെന്നു മാത്രം.

Tags: