ബി.ജെ.പിക്ക് തിരിച്ചടി; മൂന്നിടത്ത് പത്രിക തള്ളി, വിവാദം

Glint desk
Sat, 20-03-2021 06:38:10 PM ;

തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. പത്രികയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് കാരണം. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. കണ്ണൂരില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥില്ലാതായി. ഗുരുവായൂരില്‍ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്.മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് കാരണം. ഇവിടെ എന്‍.ഡി.എക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല. ദേവികുളത്ത് എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. എ.ഐ.എ.ഡി.എം.കെയ്ക്കായി മത്സരിക്കുന്ന ആര്‍.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്. തലശ്ശേരിയില്‍ ഡമ്മി സ്ഥാനാര്‍ഥിയുമില്ലാതിരുന്നതോടെയാണ് ഫലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥിതിയുണ്ടായത്. ദേവികുളത്ത് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക ആദ്യമെ തള്ളിയിരുന്നു. 

ബി.ജെ.പിയുടെ പത്രികകള്‍ തള്ളിയത് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെയുള്ള പുതിയ വിവാദമായി. പത്രികയിലെ അപാകത ഗൗരവത്തോടെ കാണുന്നെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറഞ്ഞപ്പോള്‍, സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ തെളിവാണിതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പത്രിക തള്ളിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിവേദിത വ്യക്തമാക്കി. സാങ്കേതിക പിഴവ് തിരുത്താന്‍ സമയം ചോദിച്ചിട്ടും വാരണാധികാരി അനുവദിച്ചില്ലെന്ന് തലശേരിയിലെ സ്ഥാനാര്‍ത്ഥി ഹരിദാസും കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിന് പിന്നില്‍ യു.ഡി.എഫുമായുള്ള ഒത്തുകളിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

Tags: