ഇ.എം.സി.സി വിവാദം; ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

Glint desk
Sun, 21-02-2021 06:53:59 PM ;

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതായാണ് വിവരം. ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും പുറത്തുവിടുകയും ചെയ്തു. അസെന്റില്‍ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പുറത്തുവിട്ടത്. 

വ്യവസായസംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിനല്‍കിയത്. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ചെറു കപ്പലുകള്‍ (ട്രോളറുകള്‍) നിര്‍മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യ കമ്പനിയുടെ പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ട്രോളറുകള്‍ നിര്‍മിക്കാനുള്ള സംരംഭത്തില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എങ്ങനെ പങ്കുചേര്‍ന്നുവെന്നതില്‍ വ്യക്തതയില്ല. ട്രോളര്‍ നിര്‍മാണത്തിനുള്ള കരാര്‍ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

Tags: