നട്ടെല്ലും തന്റേടവും സ്‌ക്രീനില്‍ മാത്രമേയുള്ളോ? സൂപ്പര്‍താരങ്ങളുടെ മൗനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങള്‍

Glint desk
Fri, 05-02-2021 12:22:23 PM ;

കര്‍ഷക സമരത്തെ രാജ്യാന്തര സെലിബ്രിറ്റികള്‍ പിന്തുണച്ചിട്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫേസ്ബുക് പോസ്റ്റുകള്‍ക്കുള്ള കമന്റുകളിലൂടെയാണ് ആളുകള്‍ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തക്കുറിച്ചുള്ള നടന്‍ സലിം കുമാറിന്റെ നിലപാടിനെ കണ്ടു പഠിക്കണം. സ്‌ക്രീനില്‍ മാത്രമാണോ നട്ടെല്ലുള്ളത്? ഇഡിയെ ഭയന്നാണോ ഒന്നും മിണ്ടാതിരിക്കുന്നത്? ഇങ്ങനെയൊക്കെയാണ് താരങ്ങളുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍.

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള നടന്‍ സലിം കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രതിഷേധത്തിന് രാഷ്ട്ര, വര്‍ഗ, വര്‍ണ വരമ്പുകളില്ലെന്നും താന്‍ എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്നുമായിരുന്നു സലിം കുമാര്‍ എഫ്.ബി പോസ്റ്റില്‍ പറഞ്ഞത്. അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അന്ന് അമേരിക്കയെ എല്ലാവരും വിമര്‍ശിച്ചു. ഇന്ത്യക്കാരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയായിരുന്നു. പിന്നെ കര്‍ഷക സമരത്തില്‍ അന്താരാഷ്ട്ര കലാകാരന്‍മാരും, ആക്റ്റിവിസ്റ്റുകളും പ്രതിഷേധിക്കുമ്പോള്‍ എന്താണ് ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് സലിം കുമാര്‍ പോസ്റ്റിലൂടെ ഉന്നയിച്ചത്.

നടന്‍ ആദില്‍ ഇബ്രാഹിം സലിം കുമാറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കര്‍ഷക സമരത്തിന് അനുകൂല നിലപാട് അറിയിച്ചിരുന്നു. അതെ സമയം കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാടുമായി മേജര്‍ രവിയും നടന്‍ ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു.

Tags: