ഓണ്‍ലൈന്‍ റമ്മി വച്ച് ലാഭമുണ്ടാക്കുന്ന പത്രങ്ങള്‍

Glint desk
Mon, 01-02-2021 06:56:13 PM ;

കഴിഞ്ഞ ദിവസം മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടം സൃഷ്ടിക്കുന്നു എന്നുള്ളത്. തിരുവനന്തപുരത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് ധനനഷ്ടം ഉണ്ടായി ആത്മഹത്യ ചെയ്തതിന്റെ ഉദാഹരണവും ആ റിപ്പോര്‍ട്ടുകളില്‍ വളരെ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഏറ്റവും പ്രധാനമായി ആ പത്രവാര്‍ത്തയില്‍ തോന്നിയിരുന്നത് ഓണ്‍ലൈന്‍ റമ്മി കളി സൃഷ്ടിക്കുന്ന അപകടത്തെ കുറിച്ചായിരുന്നു. ഇത് ഒരു യുവാവിന്റെ മാത്രം ഒറ്റപ്പെട്ട കഥയല്ല. പല യുവാക്കളും യുവതികളും മധ്യവയസ്‌കരും എന്തിന് പ്രായമുള്ളവര്‍ പോലും ഓണ്‍ലൈന്‍ റമ്മി കളിച്ച് ധാരാളം പണം നഷ്ടപ്പെടുകയും ചിലര്‍ അതേ തുടര്‍ന്ന് മനോരോഗികളാവുകയും ചെയ്യുന്നു. ഇതിനായി മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പോലീസിനും സെബര്‍സെല്ലിനും ഓണ്‍ലൈന്‍ റമ്മി സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് വിശദമായ വിവരങ്ങളും ലഭ്യമാണ്. 

ഫെബ്രുവരി ഒന്ന് കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ പലതും ഓണ്‍ലൈന്‍ റമ്മിയകുറിച്ചുള്ള ഒരു ജാക്കറ്റ് പരസ്യവുമായാണ് പുറത്തിറങ്ങിയിത്. പത്രത്തിന്റെ മുഖപേജില്‍ വരുന്ന പരസ്യമാണ് ജാക്കറ്റ് ആഡ്. ആ പരസ്യം നല്‍കിയിരിക്കുന്നത് ടോര്‍ഫ് എന്ന ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ആണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പരിധികളുള്ളപ്പോഴാണ് ഓണ്‍ലൈന്‍ റമ്മിയും നന്നാവുന്നത്. അതിനാലാണ് ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്റെ അംഗീകാരമുള്ള വെബ്സൈറ്റുകള്‍, അവരുടെ കളിക്കാര്‍ക്ക് ഓരോ തവണയും പരിധികള്‍ വെച്ച് ഉത്തരവാദിത്വത്തോടെ കളിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് എന്നാണ് ആ പരസ്യത്തില്‍ പറയുന്നത്. ഇതില്‍ താഴെ പ്രതിദിന പ്രതിമാസ പണ പരിധികള്‍ കൊടുത്തിട്ടുണ്ട്. കളിക്കുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കുക എന്ന ഉപദേശവും കൊടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മദ്യകുപ്പിയുടെയും സിഗററ്റ് കുപ്പിയുടേയുമൊക്കെ പുറത്തുള്ള മുന്നറിയിപ്പ് പോലെ ഈ പരസ്യത്തിന്റെ അടിയിലും കൊടുത്തിട്ടുണ്ട് ഈ ഗെയിം സാമ്പത്തിക റിസ്‌ക്ക് ഉള്ളതും ആസക്തി ഉണ്ടാക്കാന്‍ ഇടയുള്ളതുമാണ്. ദയവായി സ്വന്തം റിസ്‌ക്കില്‍ കളിക്കുക എന്ന്. സ്വന്തം ജീവിതത്തില്‍ ഉത്തരവാദിത്വം എടുക്കുന്ന വ്യക്തിയും റിസ്‌ക്കുകളെ കുറിച്ച് ധാരണയുമുള്ള വ്യക്തികള്‍ ഒന്നും തന്നെ ആസക്തി സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളിലേക്ക് കടക്കുകയില്ല. ദുര്‍ബല മനസ്സുകള്‍ അല്ലെങ്കില്‍ വിഷാദം നേരിടുന്ന മനസ്സുകളുടെ ഉടമ ഏതെങ്കിലും രീതിയില്‍ പണം സമ്പാദിക്കണം എന്ന് വിചാരിക്കുന്നവര്‍ തുടങ്ങിയവരാണ് ഇത്തരം ഗെയിമുകളിലേക്ക് ചെന്ന് പെടുന്നത്. ഇത്തരം വ്യക്തികള്‍ക്ക് ഉത്തരവാദിത്വം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് പോലും അറിയാന്‍ ശേഷി ഇല്ലാത്തവരാണ്. അങ്ങനെ ഉള്ളവരോട് ഇത്തരത്തിലുള്ള ഒരു ഉപദേശം കൊടുത്തത് കൊണ്ട് ഉപകാരം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് മാത്രമല്ല അത് റമ്മി കളിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് മാത്രമെ സഹായിക്കുകയുള്ളൂ. പരിണിതഫലത്തെ കുറിച്ച് ആലോചിക്കാതെ റിസ്‌ക്ക് എടുക്കാന്‍ വളരെ അധികം താല്‍പ്പര്യപ്പെടുന്നവരാണ് ചില വ്യക്തികള്‍. 

ഓരോ വ്യക്തിയും ജീവിതത്തില്‍ ചെയ്യേണ്ടുന്ന ഒന്നാണ് വെല്ലുവിളി ഏറ്റെടുക്കുക എന്നുള്ളത്. വെല്ലുവിളി ഏറ്റെടുക്കുന്ന സമയത്ത് എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നും എന്തൊക്കെയാണ് അതിന് വേണ്ട ശേഷികള്‍ എന്നും മനസ്സിലാക്കി അത് ഉണ്ടെങ്കില്‍ മാത്രമെ റിസ്‌ക് എടുക്കുന്നത് ആസ്വാദ്യകരമാവുകയുള്ളൂ. അജ്ഞതയിലൂടെ റിസ്‌ക് ഏറ്റെടുക്കുന്ന വ്യക്തികള്‍ 98 ശതമാനവും പരാജയത്തിലേക്കോ അല്ലെങ്കില്‍ ദുരന്തത്തിലേക്കോ പോകും എന്നതില്‍ സംശയമില്ല. ഇവിടെ ഏറ്റവും പ്രസക്തമായ വിഷയം റമ്മി കളിയുടെ ഗുണങ്ങളോ ദോഷങ്ങളോ അല്ല. സമൂഹത്തില്‍ മനുഷ്യനെ നശിപ്പിക്കുന്ന വിഷയങ്ങള്‍ ലോകം അവസാനിക്കുന്നിടം വരെ ഉണ്ടാകും. 

മറ്റ് മാധ്യമങ്ങളില്‍ നിന്ന് പത്രങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ട്. പത്രത്തില്‍ വരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ആധികാരികതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അങ്ങനെയിരിക്കെ, ഇത്തരമൊരു പരസ്യം കൊടുക്കുന്നതിലൂടെ ആ വിശ്വാസ്യതയും വിലയുമാണ് നഷ്ടപ്പെടുന്നത്. ഈ പരസ്യം സ്വീകരിക്കാന്‍ പത്രങ്ങളെ സ്വാധീനിച്ച ഏക ഘടകം ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം മാത്രമായിരിക്കും. സമൂഹത്തിനോ വ്യക്തിക്കോ എങ്ങനെ നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല സാമ്പത്തിക നേട്ടം ഉണ്ടായാല്‍ മതി എന്നുള്ള ഒരു നയപ്രഖ്യാപനമാണ് ഈ ജാക്കറ്റ് ആഡ് പരസ്യത്തിലൂടെ ആ പത്രങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു പൊതുപ്രശ്നത്തെ നയപ്രഖ്യാപനത്തിലൂടെയോ റിപ്പോര്‍ട്ടിലൂടെയോ സൂചിപ്പിക്കാനുള്ള അവകാശം ഈ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്റെ റമ്മി കളി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരസ്യം കൊടുത്തതിലൂടെ ഈ പത്രങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. അതിനാല്‍ തന്നെ എങ്ങനെ ഇതില്‍ ഒരു പ്രതിരോധ നിലപാട് സ്വീകരിക്കാന്‍ കഴിയും എന്നുള്ളത് പത്രമേധാവികള്‍ ആലോചിക്കേണ്ടതാണ്.

Tags: