സംസ്ഥാനത്ത് കുടുംബ കലഹങ്ങളും അക്രമങ്ങളും കൂടുന്നു; യഥാര്‍ത്ഥ കാരണത്തിലേക്ക് ശ്രദ്ധ തിരിക്കാതെ മാധ്യമങ്ങള്‍

Glint desk
Thu, 31-12-2020 11:43:43 AM ;

കേരളത്തില്‍ കുടുംബ കലഹങ്ങളുടെയും കുടുംബ പ്രശ്‌നങ്ങളുടെയും തോത് കൂടുന്നത് മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. ഉദാത്തമായ ചില മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് വാര്‍ത്തകള്‍ പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പ്രത്യക്ഷമായി നടപടി എടുക്കുന്നു എന്നുള്ള വഴിപാട് ഒഴിച്ചു കഴിഞ്ഞാല്‍ എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഒരു കുടംബത്തില്‍ സംഭവിക്കുന്നത് എന്ന അന്വേഷണം നടത്താന്‍ മുഖ്യധാര മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. 

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം അയിരൂരില്‍ അമ്മയെ മര്‍ദിച്ച മകനെ അറസ്റ്റ് ചെയ്തതാണ്. റസാഖ് എന്ന 27 വയസ്സുകാരന്‍, ബസ് ജീവനക്കാരനാണ്. ഇയാള്‍ രാത്രി മദ്യപിച്ച് വീട്ടിലെത്തി സ്വന്തം അമ്മയെ കാല് കൊണ്ട് തൊഴിക്കുകയും മറ്റ് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പകര്‍ത്തി റസാഖിന്റെ സഹോദരി ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. ബന്ധുക്കള്‍ വഴിയാണ് ഇത് പുറംലോകം അറിയുന്നത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും റസാഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

27 വയസ്സുകാരനായ ഒരു യുവാവ് മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി എല്ലാ ദിവസം വഴക്ക് ഉണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത്രയും സംഘര്‍ഷകരമായ അവസ്ഥയിലേക്ക് 27 വയസ്സുകാരന്‍ എങ്ങനെ എത്തിപ്പെട്ടു എന്നുള്ളത് പഠിക്കാനും അതിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനും നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത. ആ ഗ്രഹാന്തരീക്ഷം സംഘര്‍ഷാത്മകമായതിന്റെ ഫലം തന്നെയാണ് റസാഖ് ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തുകയും അമ്മയെ മര്‍ദിക്കുകയും ചെയ്തത്. സാധാരണ ഗതിയില്‍ മദ്യപാനികള്‍ അബോധാവസ്ഥയില്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ഇവിടെ റസാഖ് ചെയ്തത്. അത്രമാത്രം മാനസിക വിദ്വേഷമോ സംഘര്‍ഷമോ ഒക്കെ ആയിരിക്കാം അയാളെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്. 

മദ്യത്തിന്റെ ലഭ്യത കേരളത്തില്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച് വരികയും ചെയ്യുന്നു. രോഗവും ക്രമസമാധാന പ്രശ്‌നവും ഒരു ഭാഗത്ത് വര്‍ധിക്കുമ്പോള്‍ തന്നെ പരമാവധി മദ്യത്തിന്റെ ലഭ്യത പ്രചരിപ്പിച്ചു കൊണ്ട് എങ്ങനെ മദ്യനിരോധനം നടപ്പാക്കാമെന്ന വൈരുദ്ധ്യാത്മിക സമീപനത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം ഇതിന്റെ വരുമാന ശ്രോതസ്സാണ്. ഏത് സര്‍ക്കാര്‍ വന്ന് കഴിഞ്ഞാലും ഇത് തന്നെയാണ് അവസ്ഥ. 

ഇത്തരത്തിലൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ഇത്തരം വിഷയങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ പാകത്തിന് മാധ്യമങ്ങള്‍ക്ക് അതില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്നില്ല. അമ്മയെ മര്‍ദിച്ച മകന്‍ എന്ന രീതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ എങ്ങനെ ഈ ഒരു മാനസ്സികാവസ്ഥയില്‍ എത്തി എന്നത് അന്വേഷിക്കേണ്ടത് തന്നെയാണ്. സ്വാഭാവികമായും ഇത്തരത്തിലൊരു തകര്‍ച്ച മിക്ക കുടുംബങ്ങളിലും നടക്കുന്നുണ്ട് എന്നതും വസ്തുതയാണ്. ഈ സാമൂഹിക പ്രശ്‌നത്തെ കേരള സമൂഹം കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞാല്‍ കേരളം എത്ര തന്നെ ഭൗതികമായ പുരോഗതി നേടിയാലും സമൂഹമെന്ന നിലയില്‍ അതിന്റെ നാശത്തിലേക്ക് നയിക്കും എന്നതാണ് മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. 

Tags: