കേരളത്തില്‍ സി.പി.എം നശിക്കുന്നു എന്നത് എതിരാളികള്‍ പോലും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത് ആയിരിക്കില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം എന്ന് നിസ്സംശയം പറയാം. അതായത് കേരള ജനതയുടെ ഒരു മുന്തിയ ഭാഗം തന്നെയാണ് സി.പി.എം. ഇത്രയധികം ജനപിന്തുണയുള്ള ഒരു പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ അത് കേരളത ജനതയെ തന്നെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ നേതാക്കള്‍ വിശേഷിച്ചും യുവനേതാക്കള്‍ എന്ന് അറിയപ്പെടുന്നവര്‍ അഹോരാത്രം ഏര്‍പ്പെട്ടിരിക്കുന്നത് സമൂഹത്തില്‍ പാര്‍ട്ടിക്കുള്ള ജനപിന്തുണ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളിലാണ്.
ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് പറയുന്നത് സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. കസ്റ്റംസും എന്‍.ഐ.എയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. മെയ് 1 മുതല്‍ ജൂലൈ വരെയുള്ള സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുകയാണ്. സെക്രട്ടേറിയേറ്റിലേക്കും അന്വേഷണം എത്തിയിരിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.
എന്നാല്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ മുഖ്യ അജണ്ട എന്ന് പറയുന്നത് ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണമാണ്. എം.സ്വരാജ്, എം.ബി രാജേഷ്, പി രാജീവ് തുടങ്ങിയ നേതാക്കള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വളരെ താത്വികമായി ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തി കാണിച്ചുകൊണ്ട് ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പ്രധാനപ്പെട്ട എന്തെങ്കിലും ആരോപണങ്ങള്‍ തങ്ങള്‍ക്കെതിരെ വന്നാല്‍ അതിനെ മറ്റെന്തെങ്കിലും വിഷയങ്ങള്‍ കൊണ്ട് മറയ്ക്കുക എന്നുള്ളത് സി.പി.എം തുടര്‍ച്ചയായി സ്വീകരിക്കുന്ന നയങ്ങളില്‍ ഒന്നാണ്. തങ്ങളുടെ ധാര്‍മ്മിക വിചാരങ്ങളെയും താത്വിക വിചാരങ്ങളെയും പാര്‍ട്ടിയുടെ മേന്മയേയും ഉയര്‍ത്തി കാണിച്ചു കൊണ്ട് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും മാറുക. മിക്ക ചാനലുകളിലെ ചര്‍ച്ചകളിലും സി.പി.എമ്മിന് അസുഖകരമായ ചോദ്യങ്ങള്‍ അല്ലെങ്കില്‍ ആരോപണങ്ങള്‍ വരുമ്പോള്‍ കാണുന്ന ഒരു പ്രവണതയാണിത്. ഇതാണ് പല അവതാരകരെയും കാര്‍ക്കശ്യത്തോട് കൂടി ഇടപെടാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇത് സാധാരണ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പലപ്പോഴും അവതാരകര്‍ പോലും യഥാര്‍ത്ഥ ചര്‍ച്ചാ വിഷയം മറന്ന് സി.പി.എം നേതാക്കള്‍ വിശദീകരിക്കുന്ന വിഷയത്തിലേക്ക് മുങ്ങിപ്പോകുന്നത് കാണാറുണ്ട്.
സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ചിട്ടുള്ള ഉത്തരം പറയാന്‍ ബാധ്യസ്തരായവരാണ് സി.പി.എം പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍. ഒരു അവതാരകന്‍ എന്ന നിലയില്‍ വിനു വി ജോണിന്റെ അവതരണം ഉന്നത നിലവാരം പുലര്‍ത്തുന്നതാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. വിനു വി ജോണിന്റെ അവതരണം പലപ്പോഴും വൈകാരികമായി മുറിവേറ്റ് നില്‍ക്കുന്ന ഒരാളുടെ ശൈലിയിലാണ്. അത് തീര്‍ച്ചയായും ഒരു അവതാരകന് യോജിച്ച ശൈലി അല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത്തരത്തിലൊരു അവതരണം ഇല്ലെങ്കില്‍ റേറ്റിംഗ് കുറഞ്ഞു പോവും എന്ന ഒരു മിഥ്യാധാരണ കേരളത്തിലെ മാധ്യമസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. എന്നാല്‍ വിനു വി ജോണ്‍ മാത്രമാണ് അക്കാര്യത്തില്‍ കുറ്റക്കാരന്‍ എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. വര്‍ത്തമാന കാലത്തില്‍ വളരെ അധികം ചര്‍ച്ചാ പ്രാധാന്യമള്ള വിഷയങ്ങള്‍ തന്നെയാണ് ഇവര്‍ ചര്‍ച്ചക്കായി തിരഞ്ഞെടുക്കാറുള്ളത്.
സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടതോ അതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ചോദ്യം ചെയ്തതോ ഒന്നമുല്ല സി.പി.എമ്മിന്റെ ഇപ്പോഴത്തെ വിഷയം. മറിച്ച് ജനാധിപത്യപരമായി ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് സി.പി.എം ഒരു മഹാസംഭവമായി എടുത്തിരിക്കുന്നത്. ഇതില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുന്നത് സി.പി.എമ്മിന് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിരിക്കുന്നു എന്ന ഗുരുതരമായ കാര്യത്തെ മറയ്ക്കുന്നതിന് വേണ്ടി തന്നെയാണ് നേതാക്കള്‍ മറ്റൊരു വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് എന്ന് തന്നെയാണ്. സി.പി.എം പലതും മറയ്ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് സാധാരണ ജനങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. സിപി.എം എന്താണ് മറയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നു വരേണ്ടതാണ്. സ്വപ്‌നയുടെ സര്‍ക്കാരിലെ നിയമനവും സ്വപ്‌ന അറസ്റ്റിലായതും എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കപ്പെട്ടതും സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടതുമെല്ലാം ഇതിനുള്ള വ്യക്തമായ ഉത്തരങ്ങള്‍ തന്നെയാണ്. ഇവിടെയാണ് സി.പി.എം ഇപ്പോള്‍ നടത്തുന്ന ഈ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടി ആവുന്നത്.