Skip to main content

എസ്.എന്‍. കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

വ്യാഴാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിക്ക് അന്വേഷണസംഘം കുറ്റപത്രം കൊടുത്തത്. തുടര്‍ന്ന് കുറ്റപത്രം കോടതിയിലേക്ക് സമര്‍പ്പിക്കാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു. 

നാല് വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 420, 403, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വഞ്ചന, വിശ്വാസ വഞ്ചന, പൊതുപ്രവര്‍ത്തനത്തില്‍ ഇരുന്നുകൊണ്ടുള്ള വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.