പേഴ്‌സണല്‍ സ്റ്റാഫിന് ട്യൂഷന്‍ കൊടുത്തത് കൊണ്ട് ഇല്ലാതാകുമോ സര്‍ക്കാരിനേറ്റ പ്രഹരം?

Glint desk
Tue, 21-07-2020 06:10:45 PM ;

കേരളം കൊവിഡില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിപിഎം ആകട്ടെ ജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിനുള്ള അഭ്യാസങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ വരെ തുടങ്ങുകയാണ്. അങ്ങേയറ്റം നിരാശാജനകമായ ഒരു നടപടിയിലാണ് സിപിഎം പോലുള്ള ഒരു പാര്‍ട്ടി ഏര്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിമാരുടെ ഓഫീസ് സ്വര്‍ണ്ണകള്ളക്കടത്തിലും രാജ്യദ്രോഹ നടപടികളിലും ഏര്‍പ്പെട്ടത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിപ്പുകേടുകൊണ്ടോ അവരുടെ പോരായ്മകൊണ്ടോ സമീപനം കൊണ്ടോ അല്ല. ഇത് തിരിച്ചറിയുന്നതില്‍ പോലും സി.പി.എം പരാജയപ്പെട്ടിരിക്കുന്നു. ഇത് രാഷ്ട്രീയ നേതൃത്വത്തിന് പറ്റിയ വീഴ്ചയുടെ ഫലമാണ്. ബോധപൂര്‍വമാണോ അതോ അബദ്ധത്തിലാണോ ഇങ്ങനെയൊരു വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയം തന്നെയാണ് ഇതിന് പിന്നിലെന്ന് നിസംശയം പറയാം. 

സ്പ്രിംഗ്‌ളര്‍ വിവാദത്തിന് ശേഷം ശിവശങ്കറിനെ രംഗത്തിറക്കിയത് മുന്നണി നേതൃത്വത്തിന്റെയോ മുഖ്യമന്ത്രിയുടെയോ താല്‍പര്യ പ്രകാരമായിരിക്കണം. ഒരു കാരണവശാലും ഒരു സെക്രട്ടറി മാധ്യമങ്ങളെ നേരിട്ട് കണ്ട് വിശദീകരണം നടത്താനും ഘടകകക്ഷിയിലെ ഒരു മുന്നണി നേതാവിനെ പാര്‍ട്ടി ഓഫീസില്‍ പോയി സ്വീകരിക്കാനും തയ്യാറാവില്ല. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചോ എന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിച്ച വീഴ്ചകള്‍ തിരുത്താതെ ഇരിക്കുന്നത് ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് പറ്റിയ ഏറ്റവും വലിയ വീഴ്ച തന്നെയാണ്. ഇത് ഒരുപക്ഷെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.

മറ്റൊരു മുന്നണിയെ അധികാരത്തില്‍ എത്തിച്ചത് കൊണ്ട് ഇതിന് പരിഹാരമാകുന്നില്ല. ഇത് എക്കാലത്തും കേരളത്തിലെ ജനായത്ത സംവിധാനത്തിന് മേല്‍ ഏറ്റ വലിയ പ്രഹരമായി തന്നെ അവശേഷിക്കും. ഈ തിരിച്ചറിവിലേക്കാണ് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും വരേണ്ടത്. അതിന് ഉതകുന്ന രീതിയിലുള്ള സാമ്പ്രദായിക മാറ്റ വരുത്തുന്നതിനുള്ള ശ്രമമാണ് വേണ്ടത്. രോഗം എന്താണെന്ന് അറിഞ്ഞിട്ടാണ് ചികില്‍സിക്കേണ്ടത് അല്ലാതെ അറിഞ്ഞിട്ടും നിസ്സാരമായ ലക്ഷണങ്ങള്‍ക്ക് മരുന്ന് നല്‍കുന്നത് ബോധപൂര്‍വ്വം ചെയ്യുന്ന അപരാദമാണ്. 

Tags: