പത്താം ക്ലാസ്

സുരേഷ് ബാബു
Fri, 17-07-2020 04:49:55 PM ;

ഇന്നലെ മോളുടെ പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വന്നു. 

അവള്‍ അവളുടെ ചേട്ടനെ പോലെ തന്നെ നല്ല മാര്‍ക്ക് വാങ്ങിയാണ് പാസായിരിക്കുന്നത്. കുടുംബക്കാരും കൂട്ടുകാരും വിളിച്ചു. ആശംസകള്‍! അനുഗ്രഹങ്ങള്‍!

ഒരോന്ന് പറഞ്ഞു വന്നപ്പോള്‍ എന്റെ പത്താം ക്ലാസ് ഞാനോര്‍ത്തു. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ ! വാട്‌സ് ആപ്പിന്റെ സാങ്കേതികത്വത്താല്‍ ഞങ്ങള്‍ സഹപാഠികള്‍ ഇപ്പോഴും എല്ലാദിവസവും കണ്ടുമുട്ടുകയും തമാശ പറയുകയും കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു! പതിനഞ്ച് വയസ്സിന്റെ ഉര്‍ജ്ജസ്വലതയോടെ! ചെറുപ്പത്തോടെ !

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചിലെ പത്താം ക്ലാസിന്റെ റിസല്‍ട്ട്  ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് രണ്ടു നാള്‍ മുമ്പ് ഞാനും ബഷീറും കുറ്റ്യാടി റിവര്‍ റോഡില്‍ അന്നുണ്ടായിരുന്ന ഏറ്റവും പരിഷ്‌കാരമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് രാവിലെ തന്നെ ചെന്നുകയറി. അവിടെയാണ് പ്രദേശത്തെ പേരു കേട്ട പാരലല്‍ കോളേജായ ശ്രീനാരായണ കോളേജിന്റെ 'ഹെഡ് ഓഫീസ്. മുടിയും താടിയും നീട്ടിവളര്‍ത്തിയ കൃഷ്ണന്‍ മാഷും, പ്രിന്‍സിപ്പല്‍ രാജന്‍ മാഷും അതി ഗൗരവത്തില്‍ ഇരിപ്പുണ്ട്. 

അക്കാലത്ത്, ഫലം ഔദ്യോഗികമായി വരുന്നതിന്റെ രണ്ട് നാള്‍ മുമ്പ് പാരലല്‍ കോളേജുകള്‍ക്ക് കിട്ടുമായിരുന്നു. എന്തായിരുന്നു അതിന്റെ രഹസ്യമെന്നൊന്നും എനിക്കറിയില്ല. പക്ഷെ, അങ്ങനെ കിട്ടുമായിരുന്നു. 

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അച്ഛന്‍ രാവിലത്തെ പ്രാര്‍ത്ഥന കഴിഞ്ഞ് പ്രാതല്‍ കഴിക്കാനിരിക്കുകയായിരുന്നു. ഞാന്‍ പുറത്തേക്കിറങ്ങുന്നത് കണ്ടപ്പോള്‍ അച്ഛന്‍ സംശയത്തോടെ പുരികമുയര്‍ത്തി. 
'ഉം?'

'ശ്രീനാരായണേല് റിസല്‍ട്ട് നേരത്തേ വരുംന്ന്  പറേന്നേട്ടിക്ക് '

' അയിന്?' 

'ഞാനൊന്ന് നോക്കീറ്റ് വരാം'

'ഉം... വലിയ പതീക്ഷയൊന്നും വെക്കണ്ട.. അമ്മാതിരി പഠിപ്പല്ലേ പഠിച്ചത്?'

ഞാന്‍ തലതാഴ്തി പുറത്തേക്കിറങ്ങി.

 ശരിയല്ലേ! ഞാനെന്ത് പഠിപ്പാണ് പഠിച്ചത്? പരീക്ഷയുടെ രണ്ട് ദിവസം മുമ്പു പോലും പാഠപുസ്തകത്തിനുമുകളില്‍ 'ടോം സോയര്‍ ' വച്ച് വായിച്ചവനാണ് ഞാന്‍. ഇംഗീഷും മലയാളവും ജീവശാസ്ത്രവും കടന്നു കൂടുമെന്ന് ഉറപ്പായിരുന്നു. ഹിന്ദിയും കെമിസ്ട്രിയും  ഗുരുവായൂരപ്പന്റെ സഹായമില്ലാതെ കടന്നു കൂടുക സാധ്യമല്ല തന്നെ. ബാക്കിയെല്ലാം  കണക്ക് പരീക്ഷ പോലെ വലിയൊരു കണക്കായിരുന്നു.
 
കണക്ക് പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ ആര്‍ക്കും ശരിയുത്തരം കിട്ടാതെ പോയ ഒരു കണക്ക് സുധീര്‍ വളരെ ലാഘവത്തോടെ ചെയ്ത് കാണിച്ചത് ഓര്‍ക്കുന്നു. ( Prof. Dr. K.P.Sudheer Ex Officio Principal Secretary S&T Department & Executive Vice President KSCSTE) അവനും മറ്റ് പല സതീര്‍ത്ഥ്യരും വലിയ ഉയരങ്ങള്‍ കയറിപ്പോയത്  ധിഷണാ വൈഭവവും പഠനത്തോടുള്ള അര്‍പ്പണവും കൊണ്ടായിരുന്നല്ലോ! എനിക്ക് പഠനം പക്ഷേ വേറെ എന്തൊക്കെയോ ചെയ്യുന്നതിനൊപ്പമുള്ള ഒരു രണ്ടാം കാര്യം മാത്രമായിരുന്നു ; എല്ലായ്‌പ്പോഴും .

ഞാനും ബഷീറും ശ്രീ നാരായണയുടെ വരാന്തയില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. എന്തു ചോദിക്കണമെന്നറിയില്ല. 

ഞങ്ങളുടെ സ്‌കൂളിലെ ഏകദേശം എല്ലാ SSLC ക്കാരും എട്ടാം ക്ലാസ് മുതല്‍ തന്നെ ശ്രീ നാരായണയുടേയും ശിഷ്യന്‍ മാരും ശിഷ്യകളുമായിരുന്നു. അതുകൊണ്ടാണല്ലോ അവരുടെ സൗകര്യാര്‍ത്ഥം സ്‌ക്കൂളിനടുത്തുള്ള ഒരു പറമ്പില്‍ ഒരു നീണ്ട ഓലഷെഡില്‍ അവര്‍ ബ്രാഞ്ച് തുറന്നത്.  ബഷീറും അക്കൂട്ടത്തില്‍ പെട്ടിരുന്നു എന്നാണ് ഓര്‍മ്മ. ഞാന്‍ പക്ഷെ സ്വാഭാവികമായ മടിയാല്‍, ട്യൂഷനൊന്നുമില്ലാതെ തന്നെ പരീക്ഷ ജയിച്ചോളാമെന്ന് അച്ഛന് വാക്കുകൊടുത്തിരുന്നു.  രാവിലെ സ്‌കൂള്‍ സമയത്തിന് വളരെ മുമ്പും, ശനിയാഴ്ചയും ഞായറാഴ്ചയും മറ്റവധി ദിവസങ്ങളിലും ട്യൂഷന്‍ പഠിക്കാന്‍ പോകുന്ന കാര്യം ഓര്‍ക്കാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു എനിക്കെന്നതാണ് സത്യം. ഞാനാ ഓല ബ്രാഞ്ചില്‍ കയറിയിട്ടില്ലെന്നല്ല. ഒരു നാള്‍ നിനക്കാതെ മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ കയറി നിന്നിട്ടുണ്ട്.  

ഞങ്ങള്‍ ശങ്കിച്ച് വരാന്തയില്‍ പതുങ്ങി നിന്നപ്പോഴേക്കും വേറെ ചിലരും കൂടി വന്നു. അവരുടെ മുഖം ഓര്‍മ്മയില്ല. ' റിസല്‍ട്ട് വന്നോ?' ഉദ്വേഗത്തോടെ അവര്‍ ചോദിച്ചു . അറിയില്ലെന്നും ഞങ്ങള്‍ ചോദിച്ചില്ലെന്നും ബഷീറും ഞാനും പറഞ്ഞു. ഞങ്ങളെ പുച്ഛഭാവത്തില്‍ കണ്ണുകളാലുഴിഞ്ഞ് ആ ധീരന്‍മാര്‍ പ്രിന്‍സിപ്പലിലെ മുറിയിലേക്ക് കയറി. പത്തുമിനിറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ അവര്‍ പറഞ്ഞു. 'ഉച്ചയാവും '  കുറേ നേരം മുഖത്തോട് മുഖം നോക്കി വരാത്തയില്‍ നിന്ന ഞങ്ങളോട് രാജന്‍ മാഷ് വിളിച്ചു പറഞ്ഞു. 'പോയ്‌ക്കോ .... പോയി ഉച്ചക്ക് ശേഷം വാ. കത്തുന്ന വെയില്‍ ചൂടി പൊള്ളുന്ന കുറ്റ്യാടിപ്പാലം കടന്ന് അങ്ങള്‍ വീട്ടിലേക്ക് തിരികെപ്പോയി. 

വളരെ വേഗം ചോറുണ്ട്, വീണ്ടും കുറ്റ്യാടിയിലേക്ക്. ബഷീറിന്റെ മുഖത്തെ ആകാംക്ഷ വ്യക്ത മായിരുന്നു. 'മ്മള് ചെല്ലുമ്പോഴേക്കും എന്തായാലും റിസല്‍ട്ട് വന്നിട്ടുണ്ടാവും ' അവന്‍ പറഞ്ഞു. വിറക്കുന്ന പാദങ്ങളുമായി ഞങ്ങള്‍  ഒന്നാം നിലയിലേക്ക് കയറി. 

ആകാംക്ഷാ ഭരിതങ്ങളായ മുഖങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. 'മൂന്ന് മണിയാകുമ്പോഴേക്കും വരും' ആരോ പറഞ്ഞു. മൂന്നുമണിയും, നാലും പിന്നെ അഞ്ചും കഴിഞ്ഞു. റിസല്‍ട്ട് വന്നില്ല.  മണി ഏഴായപ്പോള്‍ ഇന്നിനി നിന്നിട്ട് കാര്യമില്ലെന്ന് പ്രിന്‍സിപ്പല്‍ അനൗണ്‍സ് ചെയ്തു. 'നാളെ വാ... നാളേക്ക് എന്തായാലും അറിയുമായിരിക്കും '

റോഡിലേക്ക് കേറിയപ്പോഴേക്കും  ടോര്‍ച്ച് മിന്നിച്ച് അച്ഛന്‍ വരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ ചിരിച്ചു എന്നിട്ട് ബഷീറിനോടായി പറഞ്ഞു ' ഇത്രേം നേരം വൈകിയേരം ഞാന്‍ വിചാരിച്ചു ... ' ഒന്ന് നിര്‍ത്തി, ഉറക്കെ ചിരിച്ചുകൊണ്ട് അച്ഛന്‍ തുടര്‍ന്നു 'തോറ്റിറ്റ് ഇവന്‍ നാട് വിട്ടിട്ടുണ്ടാ വൂന്ന് ...' ബഷീറും കൂടെയുണ്ടായിരുന്ന രണ്ടു പേരും അച്ഛന്റെ കൂടെ ചിരിച്ചു.  നുറുങ്ങിപ്പോയത് എന്റെ നെഞ്ചകമാണ്. എന്റെ അഭിമാനമാണ്.

പിറ്റേന്ന് എട്ടരയായപ്പോഴേക്കും ഞങ്ങള്‍ വീണ്ടും ശ്രീനാരയണയിലേക്ക് കോണി കയറി. റിസല്‍ട്ട് വന്നിട്ടുണ്ട്. പരിചയമില്ലാത്ത ഒരു മാഷ് പരിക്ഷീണനായി ഇരിക്കുന്നു. അദ്ദേഹമാവണം റിസല്‍ട്ട് കൊണ്ടു വന്നത്.  ഡിസ്റ്റിംഗ്ഷന്‍, ഫസ്റ്റ് ക്ലാസ് വെറും ജയം എന്നിങ്ങനെയാണ് ബ്ലാക്ക് ബോര്‍ഡില്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  
ഹൃദയമിടിപ്പ് നിയന്ത്രിക്കാനാവുന്നില്ല. കുടുകുടു കുടുകുടു എന്ന് അതങ്ങനെ മിടിക്കുകയാണ്. ബോര്‍ഡിനു മുമ്പില്‍ തിങ്ങിക്കൂടിയ സഹപാഠികളുടെ ഏറ്റവും പിറകില്‍ ഞാന്‍ നിന്നു. അച്ഛന്‍ പറഞ്ഞ പോലെ ഞാന്‍ തോറ്റിട്ടുണ്ടാവും!

ചിലര്‍ ആഹ്ലാദത്തോടെ, ചിലര്‍ ദുഃഖത്തോടെ, മാറിയപ്പോള്‍ ഞാന്‍ ബോര്‍ഡിനടുത്തേക്ക് ചെന്നു. ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ നോക്കും പോലെ ചെറുതില്‍ നിന്ന് വലുതിലേക്ക്. ജയിച്ച നമ്പറിന്റെ കൂട്ടത്തില്‍ എന്റേതില്ല! ഹൃദയം നിന്നു പോകും പോലെ തോന്നി. വിയര്‍ത്തു. തളര്‍ന്നു. 

ഒരാവശ്യവുമില്ല. എന്നാലും ഫസ്റ്റ് ക്ലാസ് കിട്ടിയവരുടെ നമ്പര്‍ കൂടി ഞാന്‍ നോക്കി! അവിടെയതാ മിന്നുന്നു! സൂര്യശോഭയോടെ എന്റെ നമ്പര്‍ !  വിശ്വസിക്കാനായില്ല!  വീണ്ടും വീണ്ടും നോക്കി. ശരിയാണ് എന്റെ നമ്പര്‍ തന്നെ!  എനിക്കും ഫസ്റ്റ് ക്ലാസ്! നെഞ്ച് വിരിഞ്ഞു വന്നു . ശിരസ്സ് ഉയര്‍ന്നു വന്നു. ഞാന്‍ സഹപാഠികളിരുന്നിടത്ത് ചെന്നു.  'ജയിച്ചോ?' സജീവനാണ് ചോദിച്ചതെന് തോനുന്നു ' എനിക്ക് ക്ലാസുണ്ട്' അവന്‍ പറഞ്ഞു. 'എനിക്കും' ഞാന്‍ പറഞ്ഞു. 

അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍  റിസല്‍ട്ട് കൊണ്ടുവന്ന മാഷ് വന്നു പറഞ്ഞു. 'ഫസ്റ്റ് ക്ലാസ് കിട്ടിയ വരെയെല്ലാം പ്രിന്‍സിപ്പല്‍ വിളിക്കുന്നു.

ഞങ്ങള്‍ ചെന്നു. രാജന്‍ മാഷ് ഗൗരവത്തില്‍ തന്നെയാണ്. കൃഷ്ണന്‍ മാഷ് എല്ലാരെയും നോക്കി പറഞ്ഞു. 'ആശംസകള്‍ ! ഇങ്ങളുടെ ഓരോ ഫോട്ടോ ഇന്ന് വൈനേരത്തിന് മുമ്പ് കൊണ്ടരണം. നോട്ടീസടിക്കാനാണ്! ' എല്ലാരുടേയും മുഖത്ത് നോക്കി ഒന്നൂടെ ചിരിച്ചിട്ട് മാഷ് പറഞ്ഞു. 'ശരി, പോയ്‌ക്കോ ' എന്നിട്ട് എന്നെ നോക്കി അതി സൗഹാര്‍ദ്ദമാര്‍ന്ന ഒരു ചിരി സമ്മാനിച്ചിട്ട് പറഞ്ഞു. ' നീ ഒന്ന് നില്‍ക്ക് !' ഞാന്‍ പരിഭ്രമിച്ചു. എന്താണാവോ ! 

എല്ലാരും പോയ്ക്കഴിഞ്ഞപ്പോ കൃഷ്ണന്‍ മാഷ് ചോദിച്ചു . 'എന്താ നിന്റെ പേര്? ' സുരേഷ് എന്നാണെന്ന് പറഞ്ഞപ്പോള്‍ മാഷ് തുടര്‍ന്നു. 'ഫസ്റ്റ് ക്ലാസ്  കിട്ടയ കുട്ട്യേളെ ഫോട്ടം വല്താക്കി ക്കൊടുക്കുന്നുണ്ട് നോട്ടീസില്‍ . ഇന്റെയും ഫോട്ടം കൊണ്ടത്താ! മ്മക്ക് കൊട്ക്കാലോ!'

' ഞാനയിന് ഇവിട പഠിച്ചിറ്റില്ലാലോ !' ഞാന്‍ സംശയമറിയിച്ചു.

'അതൊന്നും സാരേല്ല ! മ്മക്ക് കൊട്ക്കാം 'എന്റെ ഫോട്ടോയും കൂടി ഉള്‍പ്പെട്ട വര്‍ത്തമാന പത്രത്തിന്റെ വലിപ്പമുള്ള നോട്ടിസ് എന്റെ അകക്കാമ്പില്‍ തെളിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നോട്ടീസ് മാതൃഭൂമിപത്രത്തിനോടൊപ്പം വീട്ടിലും കിട്ടിയതാണ്.

ഞാന്‍ മാഷിന്റെ കണ്ണില്‍ നോക്കി പറഞ്ഞു. 'എന്റെ ഫോട്ടം കൊട്ക്കണ്ട!'

അത്ഭുതപ്പെട്ട മാഷിന്റെ നോട്ടമവഗണിച്ച് ഞാന്‍ പുറത്തു കടന്നു. തലയുയര്‍ത്തിപ്പിടിച്ച് . സതീര്‍ത്ഥ്യര്‍ ഇരിക്കുന്ന ക്ലാസ് മുറികടന്ന് നടക്കവെ ഞാന്‍ മനസ്സിലോര്‍ത്തു. ' എടാ , ട്യൂഷന്‍ പഠിക്കാണ്ടും ഫസ്റ്റ് ക്ലാസ് കിട്ടും.'

ചാറ്റല്‍ മഴയത്തൂടെ വേഗം വേഗമോടി, കിതച്ച് തളര്‍ന്ന് വീടെത്തിയപ്പോള്‍ അച്ഛന്‍ ഭാഗവതം വായിക്കുന്നു. വായന നിര്‍ത്തി മുഖമുയര്‍ത്തി ചോദിച്ചു.

 

'ജയിച്ചോ?'

കിതപ്പിനിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. 'ഫസ്റ്റ് ക്ലാസുണ്ട്'

അച്ഛന്റെ മുഖത്ത് അവിശ്വാസം. പിന്നെ ചിരി. പിന്നെ ഒരു കൈ കൊട്ടല്‍.  ഹസ്തദാനം !

മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പിരുന് അച്ഛന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കൈ കൊട്ടുന്നുണ്ട്.  ഇപ്പൊഴും. അഭിമാനത്തോടെ. 

Tags: