മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാവുന്നു; ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും നിന്ദ്യവുമെന്ന് വൃന്ദ കാരാട്ട്

Glint desk
Sat, 20-06-2020 12:22:14 PM ;

ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തി പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിപ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. ലിംഗവിവേചനപരവും അപകീര്‍ത്തികരവും നിന്ദ്യവുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട് വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ഷൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയില്‍ അഭിമാനിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിച്ച വ്യക്തിയെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കുന്നത് കോണ്‍ഗ്രസിന് അപമാനകരമാണെന്ന് സി.പി.എം പറഞ്ഞു. 

വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവന്‍ കെ.കെ.ഷൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരെ അഭിനന്ദിക്കാതെ ഇത്തരത്തില്‍ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷതയില്‍ നിന്നുണ്ടായത് അപമാനകരമാണെന്ന് വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ്  മീഡീയാ മാനിയ പരാമര്‍ശം നടത്തിയത് സമാനരീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags: