മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍. സാധാരണ പോലെ തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നും ഇല്ല. തന്റെ യഥാര്‍ത്ഥ ജനന തീയതിയെ കുറിച്ച് നാല് വര്‍ഷം മുമ്പ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേനാളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 1945 മെയ് 24 ആണ് അദ്ദേഹത്തിന്റെ ജന്മദിനം. അദ്ദേഹം അത് തുറന്ന് പറയുന്നത് വരെ 1944 മാര്‍ച്ച് 24നാണ് ജനനതീയതി എന്നാണ് കരുതിയിരുന്നത്.
ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല. ആ ദിവസം കടന്നുപോവുന്നു എന്ന് മാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയില്‍ ഇന്ന് ഇടതുപക്ഷത്തെ ഏക മുഖ്യമന്ത്രിയാണ് ഇദ്ദേഹം. 15 വര്‍ഷത്തിലേറെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു എന്ന റെക്കോര്‍ഡിന് ഉടമയാണ് പിണറായി വിജയന്.
ലോക്സഭാ തിരഞ്ഞെടുപ്പിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ ജന്മദിനം. രണ്ട് പ്രളയങ്ങളും കൊറോണ മഹാമാരിയും അതിജീവിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി കേരളത്തെ മുന്നോട്ട് നയിക്കാന്‍ പിണറായി വിജയനായി. ഇപ്പോള്‍ ദേശീയ രാഷ്ട്രീയം പോലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉറ്റു നോക്കുന്നു.