Skip to main content

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനെ നടത്തിവരികയായിരുന്നു കെ സുരേന്ദ്രന്‍. പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. 

എം.ടി രമേശനെയും ശോഭാ സുരേന്ദ്രനേയുമാണ് സുരേന്ദ്രനൊപ്പം സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് പരിഗണിച്ചത്.

സ്‌ക്കൂള്‍ പഠനകാലത്ത് എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കേരളാ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 

കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസ്സിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെയുള്ള സമരം എന്നിവ നയിച്ചു. ലോക്‌സഭയിലേക്ക് കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മല്‍സരിച്ച സുരേന്ദ്രന്‍ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 

ശബരിമല യുവതി പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തില്‍ 22 ദിവസം ജയില്‍വാസം അനുഷ്ഠിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറു മാസത്തിനുശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000ത്തോളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരള രാഷ്ട്രീയരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.