ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പാലം പൊളിക്കേണ്ടെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം ഇപ്പോള്‍ പൊളിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി ബലക്ഷയം വിലയിരുത്താല്‍ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി കഴിഞ്ഞ മാസം വിലക്കിയിരുന്നു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇത് പഠിച്ച് പത്രിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ലോഡ്ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ഇതു സംബന്ധിച്ച് രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദേശമില്ലെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.
ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ പാലാരിവട്ടം പാലാം പൊളിക്കാവൂ എന്നാവശ്യപ്പെട്ട് എന്‍ജിനീയര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ഭാരം കയറ്റിയുള്ള പരിശോധന നടത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു.