Alappuzha
ബി.ഡി.ജെ.എസ് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആലത്തൂരില്‍ ടി.വി ബാബുവും, മാവേലിക്കരയില്‍ തഴവ സഹദേവനും, ഇടുക്കിയില്‍ ബിജുകൃഷ്ണനും മത്സരിക്കും. എന്നാല്‍ വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മണ്ഡലങ്ങളില്‍ ഒന്നില്‍ പാര്‍ട്ടി അധ്യക്ഷനായ താന്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാലാണ് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു.