സംസ്ഥാന ബജറ്റ്: സിനിമാ ടിക്കറ്റ്, മദ്യം, സിമന്റ്, സിഗററ്റ്, കാര്‍, ബൈക്ക്, ടി.വി, ഫ്രിഡ്ജ്- വില കൂടും

Glint Staff
Thu, 31-01-2019 12:49:05 PM ;
Thiruvananthapuram

 thomas-issac

ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് സെസ് ചുമത്തുക. സിനിമാ ടിക്കറ്റിനും ബിയറിനും വൈനിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
 

 

സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ് എന്നിവയ്ക്കും വില ഉയരും.

 

ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.

 

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

 

ക്ഷേമപെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 2500 കോടി രൂപ കാര്‍ഷിക മേഖലയ്ക്കായി നീക്കി വച്ചു.

 

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടിയുടെ സഹായം. തിരുവനന്തപുരം ആര്‍സിസിക്ക് 73 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി,  തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടിയും അനുവദിച്ചു.

 

ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് 20 കോടി വകയിരുത്തി. മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി മാറ്റി വച്ചിട്ടുണ്ട്.

 

 

Tags: