Skip to main content
Delhi

ശബരിമലയില്‍ യുവതികളെ തടഞ്ഞതിനെതിരേ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മുന്‍ എസ്.എഫ്‌.ഐ നേതാവ് ഡോ.ഗീനാകുമാരി, അഭിഭാഷകയായ എ.വി.വര്‍ഷ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിരിക്കുന്നത് (1975ലെ കോടതിയലക്ഷ്യച്ചട്ടം 3സി പ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്).വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

തുലാമാസ പൂജയ്ക്കായി നടതുറന്നതു മുതല്‍ പത്തിലധികം യുവതികളാണ് ശബരിമലയില്‍ എത്തിയത്. ഇവരില്‍ രണ്ടുപേര്‍ കനത്ത സുരക്ഷയില്‍ വലിയ നടപ്പന്തല്‍ വരെയും ഒരാള്‍ യാതൊരു സുരക്ഷയുമില്ലാതെ വലിയ നടപ്പന്തല്‍ പിന്നിട്ടും കടന്നിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.