വികസന നയത്തില്‍ മാറ്റം അനിവാര്യം; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീമായി മാത്രം കേരളം കണ്ടു: വി.എസ്

Glint Staff
Thu, 30-08-2018 12:18:27 PM ;
Thiruvananthapuram

V.S._Achuthanandan

സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റം വരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കേരളത്തിലെ പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണ് ഇതിലേക്ക് നയിച്ചത്. വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുതെന്നും അദ്ദേഹം നിയമസഭയിലെ പ്രളയത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.

 

കുന്നിടിച്ചും, വനം കൈയേറിയും വയല്‍ നികത്തിയും, തടയണകള്‍ കെട്ടിയും നടത്തുന്ന അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും കാണിക്കണം. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വീണ്ടും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ശാസ്ത്രീയമായല്ല രാഷ്ട്രീയമായാണ് കേരളം ആ റിപ്പോര്‍ട്ടിനെ പരിഗണിച്ചത്. പശ്ചിമഘട്ടത്തിനോട് മല്ലിടാനുള്ള കെല്‍പ് കേരളത്തിനില്ലെന്ന് തിരിച്ചറിയണം. പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചു കളഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയമായ വികസനത്തിനായി വിലകൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടമാണ്. ചിലര്‍ക്ക് മുന്നില്‍ നിയമം വഴിമാറുന്ന അവസ്ഥയുണ്ടാകരുതെന്നും വി.എസ് പറഞ്ഞു.

 

Tags: