Skip to main content
Alappuzha

Rahul Gandhi

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തി. അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പി.ജെ. കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്.

 

ഇടനാട് സന്ദര്‍ശിച്ച ശേഷം പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് ആലപ്പുഴയില്‍ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ കൊച്ചിയില്‍ എത്തും. ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ 29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

 

തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കെത്തി അവിടെ നിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതല്‍ 12.30 വരെ ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.