സംസ്ഥാനത്ത് ഭീതിപരത്തിയ നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാല്‍ തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം വ്യക്തമായത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയ വവ്വാലുകളില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല.
നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. അതിനുശേഷം ആരിലും നിപ്പാ സ്ഥിരീകരിച്ചിട്ടില്ല. നിപ്പാ ലക്ഷണങ്ങളുള്ള നിരവധിപേരെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ ഡിസംബര്‍ മുതല്‍ 2019 േമയ് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മലേഷ്യയില്‍ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാല്‍, ബംഗ്ലദേശില്‍ പല തവണ ആവര്‍ത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.