Skip to main content
Thiruvananthapuram

vm-sudheeran

കെ.പി.സി.സി  അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദം മൂലമെന്ന് വി.എം സുധീരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണെന്നും ഗ്രൂപ്പ് മാനേജര്‍മാരുടെ ഇടപെടലുകള്‍ കൊണ്ട് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോഴാണ് താന്‍ രാജി വച്ചതെന്നും സുധീരന്‍ തുറന്നടിച്ചു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍ന്മാരും തയ്യാറാകണം.രാജ്യസഭാ സീറ്റ് സംബന്ധിച്ച തീരുമാനം തെറ്റു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 

പാര്‍ട്ടിയല്ല, ഗ്രൂപ്പാണ് പ്രധാനമെന്ന സമീപനമാണ് ചിലര്‍ക്ക്. ഗ്രൂപ്പ് നേതാക്കന്മാരുടെ പ്രവര്‍ത്തനത്താല്‍ തനിക്ക്‌ താഴെതട്ടില്‍  പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും സുധീരന്‍ വ്യക്തമാക്കി.  അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോള്‍ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. ഇനിയെങ്കിലും നല്ല പ്രവര്‍ത്തകരെ നേതൃത്വത്തിലേക്കെത്തിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണമെന്നും സുധീരന്‍ പറഞ്ഞു.