ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ. ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന ആദ്യ വിവാഹമാണിത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ആറു വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരായത്. ഇരുവരുടെയും കുടുംബത്തിന്റെ ആശീര്‍വാദത്തോടെയാണ് വിവാഹം. വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങളൊന്നുമില്ലാതെയാണ് ചടങ്ങ് നടത്തിയത്. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.
തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്ത കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്ററാണ് സൂര്യ. നര്‍ത്തകിയും മിമിക്രി ആര്‍ട്ടിസ്റ്റും നടിയുമാണ്. സംസ്ഥാന ട്രാന്‍സ്ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ്. ജില്ലാ ട്രാന്‍സ്ജെന്റര്‍ ബോര്‍ഡ് അംഗമാണ് ഇഷാന്‍.