കണ്ണൂരില്‍ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കനത്ത സുരക്ഷയാണ് കൊലപാതകങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാഹിയിലെ മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് മരിച്ചത്. ഈ സംഭവം നടന്ന് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മാഹി മലയാളം കലാഗ്രാമത്തിന് സമീപത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമോജ് കൊല്ലപ്പെടുന്നത്.
കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്.ബാബുവിന്റെ കൊലപാതകം 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. ന്യൂമാഹി ഇരട്ടക്കൊലയുടെ ആസൂത്രകന്‍ ബാബുവാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം നാലംഗ സംഘമാണ് ബാബുവിനെ വധിച്ചത്. പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജിനെ കൊന്നത് എട്ടംഗ സംഘമാണെന്നും പൊലീസ് പറയുന്നു. ഇവര്‍ പ്രദേശത്ത് ഉള്ളവര്‍ തന്നെയാണെന്നാണ് സംശയം.
ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും, ഷമോജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കരിക്കുക.