Skip to main content
Kochi

 ajith-kollam

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ കൊല്ലം അജിത് (56)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് ആറുമണിയോടെയാണ് സംസ്‌കാരം.

 

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അജിത്ത് രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമയിരുന്നു അജിത്ത് 90 കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ആക്ഷന്‍ സിനിമകളില്‍ ഒഴിവാക്കാനാകാത്ത നടനായിരുന്നു.

 

പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിലാണ് അജിത് ആദ്യമായി അഭിനയിക്കുന്നത്. സംവിധാനസഹായിയാകന്‍ അവസരം ചോദിച്ചെത്തിയ അജിത്തിന്, പത്മരാജന്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

 

കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന പത്മനാഭന് കൊല്ലത്തായിരുന്നു ജോലി. അതിനാല്‍ അവിടെയാണ് അജിത് ജനിച്ചതും വളര്‍ന്നതും. അങ്ങനെയാണ് കൊല്ലം അജിത്തെന്ന പേര് വന്നത്. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കളാണ്.