മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ചെറുകിടകൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്ന് വനം മന്ത്രി കെ.രാജു. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒഴിഞ്ഞുപോകാന്‍ തയ്യാകാത്തവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ല. പകരം അവരെ അവിടെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉദ്യാനം പഖ്യാപിക്കാം. കേന്ദ്ര വനസംരക്ഷണ നിയമം നിലവില്‍ വരുന്നതോടുകൂടി ഉദ്യാനം പ്രഖ്യാപിച്ചാല്‍ പിന്നീട് ഇവിടെ താമസിക്കുന്നവര്‍ക്കായി റോഡ് അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കില്ലെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ അനുമതി അടക്കമുള്ളവ നേടേണ്ടതായി വരുമെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഈ മാസം 29ന് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഓഖി ദുരന്ത ബാധിതരെ കാണാനെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചിരുന്നു.