Skip to main content
Thiruvananthapuram

jacob_thomas

മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി പറഞ്ഞതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

 

കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും, അഴിമതി നടത്തുന്നവര്‍ സംഘടിതരായിട്ടാണ് നീങ്ങുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

 

ഓഖി ദുരന്തത്തിന്റെ കാര്യമെടുത്താല്‍, പണക്കാരുടെ മക്കളാണ് കടലില്‍പ്പോയതെങ്കില്‍ ഇതാകുമായിരുന്നോ ഇവിടുത്തെ സ്ഥിതി. ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. സുനാമി ഫണ്ട് ശരിയായരീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ തീരങ്ങളില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടുവെട്ടിയില്ലെങ്കിലും അവരെ നിശ്ശബ്ദരാക്കും. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പരസ്യപ്രചാരണങ്ങള്‍ ആവശ്യമായി വരുന്നുതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.