സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടി

Glint staff
Wed, 11-10-2017 12:09:43 PM ;

Oommen-Chandy, solar

സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ് നടപടി.

 

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കുമോന്‍ ജേക്കബ്, ടെന്നി ജോപ്പന്‍, സലീം രാജ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസില്‍ തുടരന്വേഷണം നടത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.

 

കേസില്‍ ഉള്‍പ്പെട്ടിരുന്നവരെ രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും അന്വേഷണം നടത്തും. മുന്‍ എം എല്‍ എ ബെന്നി ബഹനാനെതിരെയും തമ്പാനൂര്‍ രവിക്കെതിരെയും അന്വഷണം നടത്തും.തെളിവുകള്‍ നശിപ്പിക്കാനും കേസ് ഒതുക്കാന്‍ കൂട്ടുനിന്നതിനുമാകും ഇവര്‍ക്കെതിരെ കേസ് ക്രിമിനല്‍ കേസ് വരുക

 

അഴിമതിക്ക് കൂട്ടുനിന്നതിന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മുന്‍ മന്ത്രി എ.പി അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും.

 

സരിതയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുതല്‍ എം.എല്‍.എ ഹൈബി ഈഡന്‍, കെപിസിസി ഭാരവാഹിയായ എന്‍ സുബ്രഹ്മണ്യം വരെയുള്ളവരും ബലാത്സംഗക്കേസ് നേരിടേണ്ടി വരും. മാത്രമല്ല അന്നത്തെ  അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്കെതിരെയും അന്വേഷണം നടത്തും.എ. ഹേമചന്ദ്രന്‍, ഐ.ജി എ പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ഉണ്ടാവുക.

 

അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ആറുമാസത്തിനകും സോളര്‍ റിപ്പോര്‍ട്ടും നടപടികളും നിയമസഭയ്ക്ക് മുന്നില്‍വെക്കും.

 

Tags: