തമിഴ്നാട്ടില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെയാണ് മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പിന്റെ അറസ്റ്റും മണല്‍ ഖനനവും വിവാദമാകുന്നത്. ഭരണ മുന്നണിയിലാണെങ്കിലും തമിഴ്നാട് ക്രൈംബ്രാഞ്ച് നടപടിയെ ശക്തമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഭരണത്തില്‍ ഭാഗമായ ഇടതുമുന്നണി നടപടികളെ പിന്തുണക്കുന്നു.
തിരുനെല്‍വേലി ജില്ലയില്‍ സഭാ ഭൂമിയിലെ മണല്‍ക്കടത്തില്‍ മണല്‍ക്കൊള്ള, ക്രിമിനല്‍ ഗൂഢാലോചന അടക്കം കടുത്ത വകുപ്പുകളാണ് ബിഷപ്പിനെതിരെ തമിഴ്നാട് സി.ബി.സി.ഐ.ഡി ചുമത്തിയത്. അന്വേഷണത്തിന് ബിഷപ്പിനെയും വൈദികരെയും തിരുനെല്‍വേലി വരെ വിളിച്ചു വരുത്തി അറസ്റ്റ് ചെയതത് ഭരണ മുന്നണിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അടക്കം ഞെട്ടിച്ചു.
കന്യാകുമാരി, തൂത്തുകുടി, തിരുനെല്‍വേലി തെക്കന്‍ തമിഴ്നാട്ടില്‍ നിര്‍ണായകമായ കത്തോലിക്കാ വോട്ടുകള്‍ ഡി.എം.കെയുടെയും വോട്ട് ബാങ്കാണ്. മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് തോമസ് മാര്‍ ഐറേനിയസിനെയും അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. തെരഞ്ഞെടുപ്പാണെങ്കിലും തമിഴ്നാട്ടിലാകെ കൈകൊള്ളുന്ന പരിസ്ഥിതി സംരക്ഷണ നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ട എന്നാണ് സി.പി.എം നിലപാട്.
ഡി.എം.കെ പ്രാദേശിക നേതാക്കള്‍ ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ ഇടപെട്ടത് തമിഴ്നാട് സ്പീക്കര്‍ എം അപ്പാവുവാണ്. എ.ഐ.എ.ഡി.എം.കെ പരസ്യമായ നിലപാട് ഇതുവരെ എടുത്തിട്ടില്ല. അതേസമയം ബിഷപ്പ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ നാങ്കുനേരിയിലെ കോണ്‍ഗ്രസ് എം.എല്‍.എ റൂബി മനോഹരന് സന്ദര്‍ശിച്ചതും വിവാദമായി.