മമത ബാനര്‍ജിക്ക് വന്‍ വിജയം; ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

Glint Desk
Sun, 03-10-2021 02:57:42 PM ;

ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് ജയം. 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മമത ബാനര്‍ജി ബി.ജെ.പിയുടെ പ്രിയങ്ക തേബ്രിവാളിനെ പരാജയപ്പെടുത്തിയത്. ദേശീയ രാഷ്ട്രീയം സജീവമായി ഉറ്റുനോക്കിയിരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂര്‍ മണ്ഡലത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതക്ക് ലഭിച്ചത്. ഒരു മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിയ്ക്ക്, മമതക്ക് ഇനി മുഖ്യമന്ത്രിയായി തുടരാം. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെത്തന്നെ ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂലിന്റെ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്‍പില്‍.

അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനായി ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് യാതൊരു ആഹ്ലാദപ്രകടനവും അനുവദിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മീഷന്‍ ഉത്തരവ് ലംഘിച്ച് വിവിധയിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

Tags: