Skip to main content

സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. കനയ്യ എങ്ങും പോകില്ലെന്നും സി.പി.ഐക്കൊപ്പം തന്നെ നില്‍ക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.രാജ പറഞ്ഞു.

'പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാര്‍. അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാര്‍ട്ടി ഓഫീസായ അജോയ് ഭവനിലുണ്ട്. തന്നെ മോശമായി ചിത്രീകരിക്കാനാണ് ഈ അഭ്യൂഹങ്ങള്‍ പരത്തുന്നതെന്നാണ് കനയ്യ പറയുന്നത്. ഇതൊക്കെ വെറും അപവാദ പ്രചരണം മാത്രമാണ്. ഞാന്‍ അതിനെ അപലപിക്കുന്നു,' ഡി. രാജ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനെ പോയികണ്ടു എന്നതിനര്‍ത്ഥം അദ്ദേഹം പാര്‍ട്ടി വിടുന്നു എന്നല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ പറഞ്ഞത്.

എന്നാല്‍ കനയ്യ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിയുമായി കനയ്യ കുമാര്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിക്കുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ കനയ്യ ബി.ജെ.പിയുടെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.