പശ്ചിമ ബംഗാള്‍ സംഘര്‍ഷത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറാനാണ് നിര്‍ദേശം. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണത്തിന് സി.ബി.ഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാരിന് തിരിച്ചടിയാണ്.
അന്വേഷണത്തോട് സഹകരിക്കണമെന്നും അക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ആക്രമണങ്ങളില്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടതായും പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആരോപിച്ചിരുന്നു.